മുസാഫർനഗർ: ഉത്തർപ്രദേശിലെ മുസാഫർനഗറിൽ ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ഉൾപ്പെടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ വഴി അനധികൃതമായി തോക്കുകൾ വിൽപന നടത്തുകയും വാങ്ങുകയും ചെയ്ത സംഭവത്തിൽ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അസം റിസ്വി, വിവേക് നഗർ, മനീഷ് കുമാർ, പ്രദീപ് കുമാർ, റിഷഭ് പ്രജാപതി, വിശാൽ, പ്രതീക് ത്യാഗി എന്നിവർ തിങ്കളാഴ്ചയാണ് പൊലീസിന്റെ പിടിയിലായത്.
അനധികൃതമായി പിസ്റ്റൾ എത്തിച്ചുനൽകുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് നടത്തിയ വാഹന പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. അറസ്റ്റിലായ വിശാൽ, പ്രതീപ് എന്നിവർ പിസ്റ്റൾ വാങ്ങാനായി എത്തിയതായിരുന്നു. പ്രതീക് ത്യാഗിയുടെ സഹായത്തോടെയാണ് ഇവർ ഗ്യാങ്ങുമായി ബന്ധപ്പെട്ടത്. ഓൺലൈനായാണ് ഇടപാടുകാരിൽനിന്ന് സംഘം പണം സ്വീകരിക്കുന്നത്.
അഞ്ച് പിസ്റ്റളുകൾ, കാട്രിഡ്ജ്, മൊബൈൽ ഫോണുകൾ, ഒരു ബൈക്ക്, കാർ എന്നിവ പൊലീസ് പ്രതികളിൽനിന്ന് പിടിച്ചെടുത്തു. സംഘം ഏറെ നാളായി മേഖലയിൽ പ്രവർച്ചുവരുന്നതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. വിശദമായ അന്വേഷണം നടന്നുവരികയാണ്.