കേരള പൊലീസ് സോഷ്യല്‍ പൊലീസിങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുട്ടികളിലെ മൊബൈല്‍, ഇന്റര്‍നെറ്റ് അടിമത്തം നിയന്ത്രിക്കാൻ ആരംഭിച്ച പദ്ധതിയാണ് ‘ഡി-ഡാഡ്’ അഥവാ ഡിജിറ്റല്‍ ഡി-അഡിക്ഷന്‍ പദ്ധതി.
കൗണ്‍സിലിങ്ങിലൂടെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ അടിമത്തത്തില്‍ നിന്ന് മോചനം നല്‍കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കേരളത്തിലെ വിവിധ ജില്ലകളിലായി ആറ് സെന്ററുകളാണ് പ്രവര്‍ത്തിക്കുന്നത്.
അനിയന്ത്രിതമായ ഡിജിറ്റല്‍ ഉപയോഗം, ഫോണ്‍ ലഭിക്കാതെ വരുമ്പോള്‍ ഉണ്ടാകുന്ന പ്രകോപനം, ദൈനംദിന കാര്യങ്ങളെ ബാധിക്കല്‍ എന്നിവ അഡിക്ഷന്റെ ലക്ഷണങ്ങളാണ്.
അക്രമാസക്തരാകല്‍, ആത്മഹത്യാ പ്രവണത, അമിത ദേഷ്യം, വിഷാദം, പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്ന കുട്ടികള്‍ക്കാണ് ഈ പദ്ധതി വഴി പരിഹാരം ഉണ്ടാകുന്നത്.
മനശാസ്ത്ര വിദഗ്ധരുടെ മേല്‍നോട്ടത്തില്‍ കുട്ടികളെ അഡിക്ഷനില്‍ നിന്ന് മോചിപ്പിക്കാനുള്ള തെറാപ്പി, കൗണ്‍സലിങ്, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ നല്‍കും.
ആരോഗ്യം, വനിതാശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന ഈ പദ്ധതിയില്‍ രക്ഷിതാക്കള്‍, അധ്യാപകര്‍, ഈ മേഖലയിലെ വിവിധ സംഘടനകള്‍, ഏജന്‍സികള്‍ എന്നിവര്‍ക്ക് അവബോധവും നല്‍കുന്നുണ്ട്.
9497900200 എന്ന നമ്പറിലൂടെ ഡി-ഡാഡില്‍ ബന്ധപ്പെടാം. ഡി-ഡാഡില്‍ ബന്ധപ്പെടുന്ന കുട്ടികളുടെ വിവരങ്ങള്‍ പൂര്‍ണമായും രഹസ്യമായി സൂക്ഷിക്കും.