ബംഗളൂരു: കാർമലാരം കൃപാനിധി കോളജിന് സമീപം ബാംഗ്ലൂർ ഡെയ്സ് ഹോംസ്റ്റേ പി.ജിയിൽ മലയാളി വിദ്യാർഥി ഷോക്കേറ്റുമരിച്ച സംഭവത്തിൽ പി.ജി നടത്തിപ്പുകാരനെ പൊലീസ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. പി.ജി നടത്തിപ്പുകാരൻ പാലക്കാട് സ്വദേശി മുഹമ്മദ് അലിയോടാണ് തിങ്കളാഴ്ച സ്റ്റേഷനിൽ ഹാജരാവാൻ വർത്തൂർ പൊലീസ് ആവശ്യപ്പെട്ടത്. കഴിഞ്ഞദിവസം ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നെങ്കിലും പ്രാഥമിക ചോദ്യം ചെയ്യലിനുശേഷം വിട്ടയക്കുകയായിരുന്നു. ശനിയാഴ്ച ബെസ്കോം അധികൃതരുടെ സാന്നിധ്യത്തിൽ പൊലീസ് സംഘം പി.ജിയിൽ പരിശോധന നടത്തി.
തൃശൂർ മാള പള്ളിപ്പുറം വലിയ വീട്ടിൽ വി.എ. അൻസാറിന്റെയും ഷമീനയുടെയും മകൻ മുഹമ്മദ് ജാസിം (19) ആണ് ഷോക്കേറ്റു മരിച്ചത്. ബംഗളൂരു കൃപാനിധി കോളജിൽ ഒന്നാം വർഷ ബി.ബി.എ വിദ്യാർഥിയായ മുഹമ്മദ് ജാസിം രണ്ടാഴ്ച മുമ്പാണ് ബംഗളൂരുവിലെത്തിയത്. ഉണക്കാനിട്ട വസ്ത്രങ്ങൾ എടുക്കുന്നതിനിടെ രാത്രി ടെറസിലുണ്ടായിരുന്ന വയറിൽനിന്ന് ഷോക്കേൽക്കുകയായിരുന്നു. കൃത്യമായ സുരക്ഷ മാനദണ്ഡങ്ങളില്ലാതെയാണ് പി.ജി കെട്ടിടം പ്രവർത്തിക്കുന്നതെന്നും അപകടം സംഭവിച്ചപ്പോൾ യഥാസമയം ചികിത്സ ലഭ്യമാക്കിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കൾ വർത്തൂർ പൊലീസിൽ പരാതി നൽകിയത്.
അതേസമയം, ഷോക്കേറ്റു മരിച്ച മുഹമ്മദ് ജസീമിന്റെ മൃതദേഹം ശനിയാഴ്ച വൈദേഹി മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. എച്ച്.ഡബ്ലിയു.എ ചാരിറ്റബിൾ ഫൗണ്ടേഷൻ, ഐ.ആർ.ഡബ്ലിയു പ്രവർത്തകരുടെ സഹായത്തോടെ മയ്യിത്ത് സംസ്കരണ പ്രവർത്തനങ്ങൾക്കുശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി.അമീൻ മുഹമ്മദ് (മാള സെന്റ് ആന്റണീസ് ഹൈസ്കൂൾ പത്താം തരംവിദ്യാർഥി), മുഹമ്മദ് യാസീൻ (സെന്റ് ആന്റണീസ് ഇംഗ്ലീഷ് സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർഥി) എന്നിവരാണ് മുഹമ്മദ് ജാസിമിന്റെ സഹോദരങ്ങൾ.