ബംഗളൂരു: ബംഗളൂരു-ചെന്നൈ എക്സ്പ്രസ് ഹൈവേ ഈവർഷം അവസാനത്തിലോ അടുത്ത വർഷം ജനുവരിയിലോ പൂർണമായും ഗതാഗതത്തിനായി തുറന്നുനൽകുമെന്ന് കേന്ദ്ര റോഡ്-ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. പാത തുറക്കുന്നതോടെ ഇരു നഗരങ്ങൾക്കുമിടയിലെ യാത്രാദൈർഘ്യം രണ്ടു മണിക്കൂറായി കുറയും.
ഈ പാതകൂടി വരുന്നതോടെ ഡൽഹിയിൽനിന്ന് ചെന്നൈ വരെ എക്സ്പ്രസ് വേകൾ തമ്മിൽ കണക്ഷൻ നിലവിൽ വരുമെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽനിന്ന് സൂറത്ത്, നാസിക്, അഹ്മദ് നഗർ, കുർണൂൽ, ചെന്നൈ എന്നിവിടങ്ങളിലേക്കും പിന്നീട് കന്യാകുമാരി, തിരുവനന്തപുരം, കൊച്ചി, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കും എക്സ്പ്രസ് പാതകൾ വരുമെന്നും മന്ത്രി പറഞ്ഞു.