കോഴിക്കോട്: ‘ബംഗളൂരു പൊലീസ്’ എന്ന വ്യാജേന വിഡിയോ കോൾ വിളിച്ച് പണം തട്ടാനുള്ള ശ്രമം വിദഗ്ധമായി പൊളിച്ച് റിട്ട. അധ്യാപകൻ. ഫാറൂഖ് കോളജ് റിട്ട. അധ്യാപകൻ പാഴൂർ സ്വദേശി ഡോ. സി.കെ. അഹ്മദാണ് തട്ടിപ്പുകാരുടെ നീക്കം തകർത്തത്.
ശനിയാഴ്ച ഉച്ച 12നാണ് ബംഗളൂരുവിൽനിന്നെന്ന് പറഞ്ഞ് ഫോൺ വിളിച്ചത്. ഇംഗ്ലീഷിലായിരുന്നു സംസാരം. അഹ്മദിന്റെ ആധാർ നമ്പർ ഉപയോഗിച്ച് 2024 ജൂൺ രണ്ടിന് എടുത്ത ഒരു മൊബൈൽ നമ്പർ ദുരുപയോഗം ചെയ്യുന്നുണ്ടെന്നും നിയമവിരുദ്ധ പ്രവർത്തനം നടത്തിയതിനാൽ നിരവധി ക്രിമിനൽ കേസുകളടക്കം ഇദ്ദേഹത്തിന്റെ പേരിലുണ്ടെന്നും അറിയിക്കുകയായിരുന്നു.
കേസിൽ വിശദീകരണം നൽകാൻ രണ്ട് മണിക്കൂറിനകം ബംഗളൂരു ടെലികമ്യൂണിക്കേഷൻ ഓഫിസിൽ ഹാജരാകണമെന്നും നിർദേശിച്ചു. റമദാൻ വ്രതമായതിനാൽ തനിക്ക് എത്താൻ പ്രയാസമുണ്ടെന്ന് അറിയിച്ചപ്പോൾ വിളിച്ചയാൾ ഫോൺ മറ്റൊരാൾക്ക് കൈമാറി. തുടർന്ന്, വാട്സ്ആപ് നമ്പർ വാങ്ങുകയും പൊലീസ് യൂനിഫോമിട്ട മറ്റൊരു വ്യക്തി വിഡിയോ കാൾ തുടരുകയുമായിരുന്നു. ഇയാളുടെ പിന്നിലായി ബംഗളൂരു സിറ്റി പൊലീസ് സ്റ്റേഷൻ എന്ന ബോർഡും ദേശീയപതാകയും ഉണ്ടായിരുന്നു.
വ്യക്തമായ ഇംഗ്ലീഷ് ഭാഷയിൽ അഹ്മദിന്റെ കുടുംബ പശ്ചാത്തലം ചോദിച്ചറിയുകയും ആധാർ നമ്പർ ആവശ്യപ്പെടുകയും ചെയ്തു. ആധാർ നമ്പർ നൽകിയെങ്കിലും മറ്റ് വിശദീകരണങ്ങൾ നൽകിയില്ല.
അടുത്തദിവസം രാവിലെ വിളിക്കുമെന്ന് അറിയിച്ച് ഫോൺ വിച്ഛേദിച്ചെങ്കിലും ശനിയാഴ്ച വൈകീട്ട് ഏഴിന് വീണ്ടും വിളിച്ചു. ഈ സമയത്താണ് സി.കെ. അഹ്മദ് തന്ത്രപരമായി മറുപടി നൽകിയത്. കേരള പൊലീസുമായി താൻ ബന്ധപ്പെട്ടിട്ടുണ്ടെന്നും കേസ് സംബന്ധിച്ച് വിവരങ്ങൾ രേഖാമൂലം തന്നാൽ വിശദീകരണം നൽകാമെന്നും വിളിച്ചയാളോട് അഹ്മദ് പറയുകയായിരുന്നു. ഇതുകേട്ടതോടെ പതറിയ തട്ടിപ്പുകാർ ഞായറാഴ്ച രാവിലെ വീണ്ടും വിളിക്കുമെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു. എന്നാൽ, പിന്നീട് വിളിച്ചതേയില്ല.
77422 45872 എന്ന നമ്പറിൽനിന്നാണ് കോൾ വന്നത്. ട്രൂകോളറിൽ ശിവപ്രസാദ് എന്നാണ് കാണിക്കുന്നത്. വിവരം സി.കെ. അഹ്മദ് സൈബർ സെല്ലിനെ വിവരങ്ങൾ അറിയിച്ചിട്ടുണ്ട്.