കോഴിക്കോട്: ബസുകള്‍ കൂട്ടത്തോടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് പോയതോടെ വലഞ്ഞത് യാത്രക്കാർ ആണ്. ഇന്നലെ മുതലാണ് ബസ്സുകൾ കൂട്ടത്തോടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥരെയും കൊണ്ട് വോട്ടിംഗ് സാമഗ്രികള്‍ സൂക്ഷിച്ച കേന്ദ്രങ്ങളിലേക്ക് പോയത്.
മുന്നറിയിപ്പില്ലാതെ ബസുകള്‍ സർവീസ് നിർത്തിയത് മിന്നല്‍ ഹർത്താലിന്റെ അവസ്ഥയായിരുന്നു ടൗണുകളിലെല്ലാം. വിവരം അറിയാതെ ബസ്റ്റാൻഡുകളിലും ബസ്‌സ്റ്റോപ്പുകളിലും യാത്രക്കാർ മണിക്കൂറുകളോളമാണ് ബസ് കാത്തുനിന്നത്. ചില യാത്രക്കാർ യാത്ര ഉപേക്ഷിച്ചു. രാത്രി വൈകി യാത്ര പോകുന്നവരും ബസ് കിട്ടാതെ വലഞ്ഞു.
ഉദ്യോഗസ്ഥരെ തിരഞ്ഞെടുപ്പ് സാമഗ്രികളുള്ള സ്കൂളുകളിലെത്തിക്കുക, പോളിംഗ് സാമഗ്രികള്‍ ബൂത്തുകളിലെത്തിക്കുക, പൊലീസുകാരെ വിവിധ സ്ഥലങ്ങളിലെത്തിക്കുക തുടങ്ങിയവയാണ് ബസുകളുടെ ഇലക്ഷൻ ഡ്യൂട്ടി. ഇതിനുപുറമെ റിസർവായി ഉപയോഗിക്കാനും ബസുകളെ ഇലക്ഷൻ കമ്മിഷൻ ഒരുക്കിവെച്ചിട്ടുണ്ട്.
