പന്തീരാങ്കാവ്∙ സ്വകാര്യ ബസ് ജീവനക്കാരൻ വിദ്യാർഥിയെ അസഭ്യം പറഞ്ഞതിനെ ചൊല്ലി നഗരത്തിൽ വിദ്യാർഥികൾ ബസ് തടഞ്ഞു. തുടർന്ന് ബസ് ജീവനക്കാരും വിദ്യാർഥികളും നടു റോഡിൽ ഉന്തും തള്ളും. സംഭവത്തിൽ പ്രതിഷേധിച്ച് കോഴിക്കോട് – പന്തീരാങ്കാവ്, പെരുമണ്ണ റൂട്ടിൽ സ്വകാര്യ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി. ഇന്നലെ രാവിലെ 9.20ന് ഫ്രാൻസിസ് റോഡ് മേൽപാലത്തിനു സമീപം റെയിൽവേ സ്റ്റേഷൻ റോഡ് ബസ് സ്റ്റോപ്പിലാണ് സംഘർഷം.കഴിഞ്ഞ ദിവസം പന്തീരാങ്കാവ് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ ജീവനക്കാരൻ കുറ്റിച്ചിറ സ്കൂളിലെ യാത്രക്കാരായ വിദ്യാർഥികളെ അസഭ്യം പറഞ്ഞതായി വിദ്യാർഥികൾ പറഞ്ഞു. തുടർന്ന് ഇന്നലെ രാവിലെ വിദ്യാർഥികൾ സംഘടിച്ച് ബസ് തടയുകയായിരുന്നു. തുടർന്ന് ജീവനക്കാർ ബസിൽ നിന്നിറങ്ങി വിദ്യാർഥികളുമായി വാക്കു തർക്കമായി.
ഇതിനിടയിൽ സ്ഥലത്തെത്തിയ മറ്റു മൂന്ന് ബസിലെ ജീവനക്കാരും ഇറങ്ങി കുട്ടികളുമായി വാക്കേറ്റമായി. ഗതാഗതം സ്തംഭിച്ചതോടെ നാട്ടുകാർ ഇടപെട്ടു. ഇ തോടെ സംഘർഷം തൊട്ടടുത്ത റെയിൽവേ ട്രാക്കിലേക്ക് മാറി. വിവരം അറിഞ്ഞു ടൗൺ പൊലീസ് എത്തി സംഘർഷം ഒഴിവാക്കി. സംഘർഷത്തിനിടയിൽ 3 ബസ് ജീവനക്കാർക്കും ഒരു യാത്രക്കാരിക്കും പരുക്കേറ്റതായി ബസ് ജീവനക്കാർ പൊലീസിൽ പരാതി നൽകി. ഡ്രൈവറെ മർദിക്കുന്നതിനിടയിൽ ബസിൽ നിന്ന് ഇറങ്ങുമ്പോൾ വിദ്യാർഥികൾ അടിച്ചെന്ന് യുവതി പരാതി നൽകി. സംഭവത്തിൽ ടൗൺ പൊലീസ് കേസെടുത്തു. തുടർന്ന് പന്തീരാങ്കാവ്, പെരുമണ്ണ റൂട്ടിൽ സ്വകാര്യ ബസുകൾ ഉച്ചവരെ മിന്നൽ പണിമുടക്ക് നടത്തി. ഈ പ്രദേശങ്ങളിൽ നിന്നു നഗരത്തിലേക്ക് എത്തേണ്ടവരും വിദ്യാർഥികളും ഏറെ നേരം യാത്രാ ദുരിതത്തിലായി.
