പത്തനംതിട്ട: സ്വകാര്യ ബസ് സ്റ്റാൻഡിൽ ബോംബ് വെച്ചെന്ന്പൊലീസിന് വ്യാജ അപകടസന്ദേശം നൽകിയ യുവാവിനെ പിടികൂടി. സീതത്തോട് ആനചന്ത കോട്ടക്കുഴി വെട്ടുവേലിൽ സിനു തോമസാണ് (32) പിടിയിലായത്. ഞായറാഴ്ച വൈകീട്ട് 6.15നാണ് ഇയാളുടെ മൊബൈൽ ഫോണിൽനിന്ന് ജില്ല പൊലീസ് ഇ.ആർ.എസ്.എസ് കൺട്രോൾ റൂമിൽ വ്യാജ സന്ദേശമെത്തിയത്.
വിവരം അറിഞ്ഞ ഉടനെ പത്തനംതിട്ട ഡിവൈ.എസ്.പി എസ്. അഷാദിന്റെ നേതൃത്വത്തിൽ പൊലീസും ബോംബ് സ്ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. തുടർന്ന്, ജില്ല പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഇയാളെ പിടികൂടുകയായിരുന്നു.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മദ്യലഹരിയിലാണ് ഇയാൾ പൊലീസ് കൺട്രോൾ റൂമിൽ വിളിച്ച് ഇത്തരത്തിൽ അറിയിച്ചത്. മലയാലപ്പുഴ പൊലീസ് ഇൻസ്പെക്ടർ കെ.എസ്. വിജയൻ, എസ്.ഐ ഷിജു പി. സാം, സി.പി.ഒമാരായ അഫ്സൽ, വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ്ചെയ്തത്.