ന്യൂഡൽഹി: ബഹിരാകാശത്തുവെച്ച് പേടകങ്ങളെ കൂട്ടിയോജിപ്പിക്കാനുള്ള ഇന്ത്യയുടെ പരീക്ഷണ ദൗത്യമായ സ്പേഡ്എക്സ് വിക്ഷേപണം രണ്ട് മിനിറ്റ് ദീർഘിപ്പിച്ച് ഐ.എസ്.ആർ.ഒ. നേരത്തെ തിങ്കളാഴ്ച രാത്രി 9.58ന് വിക്ഷേപിക്കാനിരുന്ന പി.എസ്.എൽ.വി -സി60, 10 മണിക്ക് വിക്ഷേപിക്കുമെന്ന് ഇസ്രോ ചെയർമാൻ ഡോ. എസ്. സോമനാഥ് അറിയിച്ചു. സ്പേഡ്എക്സിന് എത്താനുള്ള അതേ ഭ്രമണപഥത്തിൽ വേറെ ചില ഉപഗ്രഹങ്ങളുള്ളതിനാലാണ് വിക്ഷേപണ സമയം മാറ്റിയതെന്ന് ഇസ്രോ ചെയർമാൻ വ്യക്തമാക്കി.
സ്പേസ് എക്സിന്റെ സാറ്റലൈറ്റ് ഇന്റർനെറ്റിന്റെ ഭാഗമായുള്ള ‘സ്റ്റാർലിങ്കി’ലെ ചില ഉപഗ്രഹങ്ങളാണ് ഇതേസമയം ഭ്രമണപഥത്തൽ എത്തുന്നതെന്ന് ഐ.എസ്.ആർ.ഒ വൃത്തങ്ങൾ അറിയിച്ചു. 12,000ത്തോളം ഉപഗ്രഹങ്ങളാണ് സ്റ്റാർലിങ്ക് നെറ്റ്വർക്കിലുള്ളത്. ഇവ മറ്റ് സാറ്റലൈറ്റ് ലോഞ്ചുകളെ ബാധിക്കുമെന്ന് നേരത്തെ തന്നെ വിവിധ ബഹിരാകാശ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിരുന്നു. നേരത്തെ ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ചന്ദ്രയാൻ-3 സമാന രീതിയിൽ മൂന്ന് വൈകി വിക്ഷേപിക്കേണ്ടിവന്നിരുന്നു.
അതേസമയം സ്പേഡ്എക്സിലൂടെ, വ്യത്യസ്തമായ രണ്ട് ബഹിരാകാശ പേടകങ്ങളെ ഭൂമിയുടെ ഭ്രമണ പഥത്തിൽ വച്ച് കൂട്ടിയോജിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ പരീക്ഷിക്കുന്നതിലൂടെ ഐ.എസ്.ആർ.ഒ ചരിത്രപരമായ ലക്ഷ്യത്തിലേക്കാണ് നീങ്ങുന്നത്. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രം സ്വായത്തമാക്കിയ ഡോക്കിങ് സാങ്കേതികവിദ്യ ക്ലബ്ബിലേക്ക് ഇന്ത്യയും പ്രവേശിക്കും.
മനുഷ്യരെ വഹിക്കുന്നതോ അല്ലാത്തതോ ആയ രണ്ടു സ്വതന്ത്ര പേടകങ്ങളെ ബഹിരാകാശത്തുവെച്ച് സംയോജിപ്പിക്കുകയും തുടര്‍ന്ന് ഒറ്റ യൂണിറ്റായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഡോക്കിങ്. ബഹിരാകാശ നിലയം നിര്‍മിക്കുന്നതിനും പരിപാലിക്കുന്നതിലും ഡോക്കിങ്, ബെര്‍ത്തിങ് സാങ്കേതികവിദ്യകള്‍ അത്യന്താപേക്ഷിതമാണ്.
നേരത്തെ ഒരുക്കങ്ങളുടെ ഭാഗമായി, പിഎസ്എൽവി-സി60 വിക്ഷേപണ വാഹനം വിജയകരമായി സംയോജിപ്പിച്ചതായും അന്തിമ പരിശോധനകൾക്കായി ഫസ്റ്റ് ലോഞ്ച് പാഡിലേക്ക് മാറ്റിയതായും ഐഎസ്ആർഒ അറിയിച്ചു. 220 കിലോഗ്രാംവീതം ഭാരമുള്ള എസ്.ഡി.എക്‌സ് 01, എസ്.ഡി.എക്‌സ് 02 ഉപഗ്രഹങ്ങള്‍ക്കു പുറമേ 24 പരീക്ഷണോപകരണങ്ങള്‍കൂടി പി.എസ്.എല്‍.വി. ഭ്രമണപഥത്തില്‍ എത്തിക്കും. ഭൂമിയില്‍നിന്ന് 476 കിലോമീറ്റര്‍മാത്രം ഉയരെയുള്ള വൃത്താകൃതിയുള്ള ഭ്രമണപഥത്തിലെത്തുന്ന എസ്.ഡി.എക്‌സ് 01, എസ്.ഡി.എക്‌സ് 02 ഉപഗ്രഹങ്ങള്‍ തമ്മില്‍ 20 കിലോമീറ്ററോളം അകലമാണ് തുടക്കത്തിലുണ്ടാവുക. ഭൂമിയെ ചുറ്റുന്നതിനിടെ ഘട്ടംഘട്ടമായി അകലം കുറച്ചുകൊണ്ടുവന്നശേഷമാണ് രണ്ടും കൂട്ടിയോജിപ്പിക്കുക.
സ്‌പേസ് ഡോക്കിങ് സാങ്കേതികവിദ്യ സ്വന്തമാക്കുന്നതിലൂടെ ഇന്ത്യക്ക് ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ കാര്യത്തില്‍ വലിയനേട്ടം കൊയ്യാനാവും. വളരെ ചെലവേറിയതാണ് ഭൂസ്ഥിര ഉപഗ്രഹങ്ങള്‍. പ്രൊപ്പല്‍ഷന്‍ യൂണിറ്റുകളിലെ ഇന്ധനം തീരുന്നതനുസരിച്ച് എട്ടു മുതല്‍ 10 വര്‍ഷം വരെയാണ് ഇത്തരം ഉപഗ്രഹങ്ങളുടെ ആയുസ്.