ബാങ്ക് അക്കൗണ്ടിലേക്ക് മാസം 1,000 രൂപ എത്തും; മുഖ്യമന്ത്രിയുടെ ‘കണക്ട് ടു വർക്ക്’ പദ്ധതി, ആര്‍ക്കൊക്കെ അപേക്ഷിക്കാം?

news image
Jan 23, 2026, 7:05 am GMT+0000 payyolionline.in

യുവജനങ്ങൾക്ക് സാമ്പത്തിക സഹായം

പഠനം കഴിഞ്ഞ് തൊഴിലിനായി തയ്യാറെടുക്കുന്നവരും നൈപുണ്യ പരിശീലനം നേടുന്നവരുമായ യുവജനങ്ങൾക്ക് സാമ്പത്തിക സഹായം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. കുടുബ വാര്‍ഷിക വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കവിയാത്ത കുടുംബങ്ങളിലെ യുവതീ യുവാക്കൾക്കാണ് സ്കോളർഷിപ്പ് അനുവദിക്കുക. പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിനുള്ള കുടുംബ വാർഷിക വരുമാന പരിധി ഒരു ലക്ഷം രൂപയിൽ നിന്നും 5 ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.

ആര്‍ക്കൊക്കെ അപേക്ഷിക്കാം?

കേരളത്തിൽ സ്ഥിരതാമസക്കാരായ യുവതീ യുവാക്കളിൽ പ്ലസ്ടു/ വി.എച്ച്.എസ്.ഇ./ ഐ.ടി.ഐ/ ഡിപ്ലോമ/ ഡിഗ്രി വിജയത്തിന് ശേഷം കേന്ദ്ര, സംസ്ഥാന സർക്കാരുകളോ, പൊതുമേഖല സ്ഥാപനങ്ങളോ, സർവകലാശാലകളോ, അംഗീകൃത സ്വകാര്യ സ്ഥാപനങ്ങളോ നടത്തുന്ന നൈപുണ്യ പരിശീലനത്തിൽ പങ്കെടുക്കുന്നവർക്കും, യു പി എസ് സി, പി എസ് സി, എസ് എസ് ബി, ആർ ആർ ബി തുടങ്ങിയ കേന്ദ്ര സംസ്ഥാന റിക്രൂട്ട്മെന്റ് ഏജൻസികൾ നടത്തുന്ന മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷകർ 18 വയസ് പൂര്‍ത്തിയായവർക്കും 30 വയസ് കവിയാത്തവർക്കും കണക്ട് ടു വർക്ക് പദ്ധതിയിലേയ്ക്ക് അപേക്ഷ നൽകാം.

ഒരു വർഷത്തേക്ക് പ്രതിമാസം 1,000 രൂപ

യോഗ്യരായ അപേക്ഷകർക്ക് പ്രതിമാസം 1,000 രൂപ ഒരു വർഷത്തേക്ക് ഈ പദ്ധതി പ്രകാരം സാമ്പത്തിക സഹായം ലഭിക്കും. മത്സര പരീക്ഷകൾക്കും നൈപുണ്യ പരിശീലനങ്ങൾക്കും തയ്യാറെടുക്കുന്നവർ അനുഭവിക്കുന്ന സാമ്പത്തികവും മാനസികവുമായ സമ്മർദ്ദം കുറയ്ക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ജനങ്ങളെ ഉൽപ്പാദന മേഖലയുമായി ബന്ധപ്പെടുത്തി തൊഴിലില്ലായ്മ കുറയ്ക്കുക എന്ന ദീർഘകാല ലക്ഷ്യത്തോടെയാണ് സർക്കാർ ഈ പദ്ധതി നടപ്പിലാക്കുന്നത്.

അപേക്ഷാ തീയതി അനുസരിച്ച് മുൻഗണന

അപേക്ഷിക്കുന്ന തീയതിയുടെ മുൻഗണനാക്രമത്തിലാണ് സ്‌കോളർഷിപ്പ്‌ അനുവദിക്കുക. ഓരോ അക്കാദമിക്‌ തലത്തിലും എത്ര വീതം സ്‌കോളർഷിപ്പ്‌ നൽകണം എന്ന്‌ ഓരോ വർഷവുമുള്ള അപേക്ഷകരുടെ എണ്ണമനുസരിച്ച്‌ തീരുമാനമെടുക്കും. നൈപുണ്യ പരിശീലനം, മത്സര പരീക്ഷാ പരിശീലനം എന്നിങ്ങനെ ഏത്‌ വിഭാഗത്തിലായാലും ഒരാൾക്ക്‌ ഒരു വർഷത്തേയ്ക്കാണ്‌ സ്‌കോളർഷിപ്പ്‌ നൽകുക. അപേക്ഷകർക്ക്‌ സ്വന്തമായി ആധാർ ലിങ്ക്‌ ചെയ്‌ത ബാങ്ക്‌ അക്ക‍ൗണ്ട്‌ ഉണ്ടാകണം.

അപേക്ഷിക്കേണ്ട വിധം

വെറുമൊരു ധനസഹായ പദ്ധതി എന്നതിലുപരിയായി കേരളത്തിലെ യുവജനങ്ങൾക്ക് ആത്മാഭിമാനം നൽകാനും നല്ല ഭാവിക്കായി തയ്യാറെടുക്കാനുള്ള ഊർജ്ജം പകരാനുമുള്ള ഇടപെടലാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു. പദ്ധതി ഉദ്ഘാടനം ചെയ്തതിന്റെ തൊട്ടടുത്ത ദിവസം തന്നെ ലഭിച്ച അപേക്ഷകളിൽ അർഹരായ 10,000 പേർക്ക് സ്കോളർഷിപ്പ് അനുവദിച്ചിട്ടുണ്ട്. താത്പര്യമുള്ളവർക്ക് https://www.eemployment.kerala.gov.in പോർട്ടൽ മുഖേന അപേക്ഷ സമർപ്പിക്കാം. സ്കോളർഷിപ്പ് കാലയളവിൽ ഗുണഭോക്താക്കൾക്ക് തൊഴിൽ ലഭിച്ചാൽ പ്രതിമാസ പേയ്‌മെന്റ് നിർത്തലാക്കും. ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർമാരാണ് പദ്ധതി നടപ്പിലാക്കുക. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെടാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe