ചെന്നൈ ∙ വീട്ടമ്മമാർക്ക് എല്ലാ മാസവും 1,000 രൂപ നൽകുന്ന പദ്ധതിക്ക് തമിഴ്നാട്ടിൽ തുടക്കം. ഉദ്ഘാടനത്തിനു പിന്നാലെ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിൽ പണമെത്തി. ഇന്നും നാളെയുമായി മുഴുവൻ പേർക്കും പണം ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. അപേക്ഷ തള്ളിയവർക്ക് ഒരു മാസത്തിനകം അപ്പീൽ നൽകാൻ അവസരമുണ്ട്. ആർഡിഒമാർക്കാണ് ഇതിന് അധികാരം.
മുൻ മുഖ്യമന്ത്രി സി.എൻ.അണ്ണാദുരൈയുടെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ ജന്മനാടായ കാഞ്ചീപുരത്ത് നൂറുകണക്കിനു സ്ത്രീകളുടെ സാന്നിധ്യത്തിലാണ് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പദ്ധതി ഉദ്ഘാടനം ചെയ്തത്.
സന്തോഷം പ്രകടിപ്പിച്ച വീട്ടമ്മമാർ സ്റ്റാലിന് നന്ദി എന്ന ബാനറും ഉയർത്തി. ഗുണഭോക്താക്കൾക്കു നൽകുന്ന എടിഎം കാർഡിന്റെ മാതൃകയും മുഖ്യമന്ത്രി വിതരണം ചെയ്തു.
ഇടുക്കിയിലും ആഹ്ലാദം
കുമളി ∙ തമിഴ്നാട്ടിലെ വീട്ടമ്മമാർക്കു ധനസഹായ പദ്ധതി തുടങ്ങിയത് അതിർത്തി മേഖലയായ ഇടുക്കിയിലും ആഹ്ലാദമുയർത്തി. ഗുണഭോക്താക്കളായ സ്ത്രീകൾ സന്തോഷം പങ്കുവച്ചു.