ബാലുശ്ശേരി: കുടുംബപ്രശ്നത്തിൽ ഇടപെട്ട് സമാധാനത്തിന് ശ്രമിച്ച അയൽവാസിക്ക് കുത്തേറ്റ് പരിക്ക്. ബാലുശ്ശേരി തഞ്ചാലക്കുന്നിൽ കുറുങ്ങോട്ടിടത്തിൽ താമസിക്കുന്ന സുനിൽകുമാറിനാണ് (48) വയറിന് കുത്തേറ്റത്. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം.
കുറുങ്ങോട്ടിടത്തിൽ താമസിക്കുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരൻ ജയേഷ് വീട്ടിലെത്തി ഭാര്യയുമായി കലഹിച്ചതിനെത്തുടർന്ന് കുട്ടിയെയും എടുത്ത് തൊട്ടടുത്ത സുനിൽ കുമാറിന്റെ വീടിനു മുറ്റത്തുകൂടെ പോകുകയായിരുന്നു. പ്രശ്നത്തിൽ ഇടപെട്ട് ജയേഷുമായി സംസാരിച്ചുകൊണ്ടിരിക്കെ കൈയിൽ സൂക്ഷിച്ചിരുന്ന കത്തിയെടുത്ത് സുനിൽ കുമാറിന്റെ വയറ്റിൽ കുത്തുകയായിരുന്നുവെന്ന് പരിസരവാസികൾ പറഞ്ഞു.
സുനിൽകുമാറിന്റെ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. പരിക്കേറ്റ സുനിൽകുമാറിനെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാലുശ്ശേരി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ജയേഷ് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയതായാണ് വിവരം.