ന്യൂഡൽഹി: നാളെ (ഓഗസ്റ്റ് ഒന്ന്) മുതൽ ഏകീകൃത പേയ്മെന്റ് ഇന്റർഫേസിൽ (യുപിഐ) മാറ്റങ്ങൾ. ബാലൻസ് പരിശോധന, അക്കൗണ്ട് പരിശോധനകൾ ഉൾപ്പെടെയുള്ള ഇടപാടുകളിൽ മാറ്റമുണ്ടാകും. യുപിഐ ഇടപാടുകൾ ലളിതവും സുരക്ഷിതവുമാക്കുന്നതിനാണ് പുതിയ മാറ്റങ്ങളെന്നാണ് നാഷണൽ പേയ്മെന്റ്സ് കോർപറേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കുന്നത്.ഫോൺ പേ, ഗൂഗിൾ പേ, പേടിഎം ഉൾപ്പെടെയുള്ള പണമിടപാട് സംവിധാനങ്ങളിലാണ് മാറ്റം വരുന്നത്. യുപിഐ ഇടപാടുകളിൽ ചില മാറ്റങ്ങൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് എൻപിസിഐ കഴിഞ്ഞ ഏപ്രിലിൽ ഒരു സർക്കുലർ പുറത്തിറക്കുന്നു. ഇതുപ്രകാരമാണ് പുതിയ മാറ്റങ്ങൾ ഉണ്ടാകുന്നത്. പിൻ നമ്പറിന് പുറമേ മുഖം കാണിച്ചോ വിരലടയാളം ഉപയോഗിച്ചോ പണമിടപാട് നടത്താനുള്ള സംവിധാനവും യുപിഐ വൈകാതെ ഒരുക്കും. ഇക്കാര്യത്തിൽ പരിശോധന നടത്തിയ ശേഷം റിസർവ് ബാങ്കിൻ്റെ അനുമതിയോടെയാകും നടപ്പാക്കുക.
പ്രധാന യുപിഐ മാറ്റങ്ങൾ ഇങ്ങനെ
ഒരു ദിവസം 50 തവണ ബാലൻസ് നോക്കാം. ഒന്നിൽ കൂടുതൽ യുപിഐ ആപ്പുകൾ ഉണ്ടെങ്കിൽ ഓരോ ആപ്പിലും 50 തവണ ബാലൻസ് പരിശോധിക്കാൻ കഴിയും. ഓരോ പണമിടപാടിന് ശേഷവും അക്കൗണ്ടിലെ ബാലൻസ് കാണാനാകും. യുപിഐ ആപ്പുമായി ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടുകൾ ദിവസം 25 തവണ പരിശോധിക്കാം. പണമിടപാടുകൾ നടത്തിയതിൻ്റെ വിവരങ്ങൾ ഒരു ദിവസം മൂന്ന് തവണ മാത്രം നോക്കാം. ഒന്നര മിനിറ്റ് ഇടവേളയിൽ മാത്രമാണ് വിവരങ്ങൾ നോക്കാനാകുക. കൃത്യമായ ഇടവേളകളിൽ മാത്രമേ ഓട്ടോ പെയ്മൻ്റുകൾ സാധ്യമാകൂ. രാവിലെ 10:00 മണിക്ക് മുൻപ് അല്ലെങ്കിൽ ഉച്ചയ്ക്ക് 1:00നും വൈകുന്നേരം 5.00നും ഇടയിൽ അല്ലെങ്കിൽ രാത്രി 9.30ന് ശേഷവും ഓട്ടോ പേ ഇടപാടുകൾ നടത്താം. തിരക്കേറിയ സമയങ്ങളിലെ സെർവർ തിരക്കും കാലതാമസവും കുറയ്ക്കാൻ ഈ സമയക്രമത്തിലൂടെ സാധിക്കും. ഇതുവഴി ഇടപാടുകൾ കൂടുതൽ സ്വീകാര്യമാകും.പേയ്മെന്റ് സ്ഥിരീകരിക്കുന്നതിന് മുൻപ് തന്നെ സ്വീകർത്താവിന്റെ രജിസ്റ്റർ ചെയ്ത ബാങ്ക് പേര് ദൃശ്യമാകുമെന്നതാണ് മറ്റൊരു നിർണായക കാര്യം. ഇത് പണമിടപാട് നടത്തുന്നതിലെ പിശക് ഒഴിവാക്കും. പുതിയ ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യുന്നതിന് കർശന നടപടിക്രമങ്ങൾ തുടരും. അക്കൗണ്ട് നിങ്ങളുടേതാണെന്ന് സ്ഥിരീകരിക്കുന്നതിന് ബാങ്കിന്റെ ഭാഗത്ത് നിന്ന് അധിക പരിശോധനകൾ ആവശ്യമായി വന്നേക്കാം.