ന്യൂഡൽഹി: ഫ്രാൻസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം പൂർത്തിയായതിന് പിന്നാലെ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. റഫാലാണ് നരേന്ദ്ര മോദിക്ക് ബാസ്റ്റിൽ ഡേ പരേഡിലേക്കുള്ള ക്ഷണമൊരുക്കിയതെന്ന് രാഹുൽ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമർശനം.
മണിപ്പൂർ കത്തുന്നു. യുറോപ്യൻ പാർലമെന്റ് ഇന്ത്യയുടെ അഭ്യന്തര കാര്യം ചർച്ച ചെയ്യുന്നു. ഇനിയും പ്രധാനമന്ത്രി മൗനം വെടിഞ്ഞിട്ടില്ല. റഫാലാണ് മോദിക്ക് ബാസ്റ്റിൽ ഡേ പരേഡിലേക്കുള്ള ക്ഷണമൊരുക്കിയതെന്ന് രാഹുൽ പറഞ്ഞു. നേരത്തെ ഫ്രാൻസ് സന്ദർശനത്തിനിടെ 26 റഫാൽ വിമാനങ്ങൾക്ക് കൂടി ഇന്ത്യ ഓർഡർ നൽകിയിരുന്നു.
ഫ്രാൻസിൽ ബാസ്റ്റിൽ ഡേ ആഘോഷങ്ങളിൽ പങ്കെടുക്കാൻ കഴിഞ്ഞത് ഒരുപാട് പ്രത്യേകതകളുള്ള അനുഭവങ്ങൾ സമ്മാനിച്ചുവെന്നും മോദി പറഞ്ഞിരുന്നു. പ്രസിഡന്റ് ഇമാനുവൽ മാക്രോണിനേയും ഫ്രഞ്ച് ജനതയേയും മോദി നന്ദിയറിയിച്ചു. ഫ്രാൻസുമായുള്ള സൗഹൃദം ഇനിയും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഫ്രാൻസിന്റെ പരമോന്നത പുരസ്കാരമായ ‘സൈന്യത്തിന്റെ മഹത്തായ കുരിശ്’ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ സമ്മാനിച്ചിരുന്നു. ഇതോടെ മോദി, ഗ്രാൻഡ് ക്രോസ് ഓഫ് ലീജൻ ഓഫ് ഓണർ (സൈന്യത്തിന്റെ മഹത്തായ കുരിശ്) പുരസ്കാരം സ്വീകരിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി മാറുകയും ചെയ്തിരുന്നു. പുരസ്കാരത്തിന് ഇന്ത്യൻ ജനതയുടെ പേരിൽ മോദി നന്ദി പറഞ്ഞു. മോദിക്കായി മക്രോൺ നൽകിയ സ്വകാര്യ അത്താഴവിരുന്നു നടന്ന എൽ.സി പാലസിൽ വച്ചായിരുന്നു പുരസ്കാരം.