ബിജെപിക്കെതിരെ ഒന്നിച്ച് പ്രതിപക്ഷം; ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് പോരാട്ടം, പ്രഖ്യാപിച്ച് നേതാക്കൾ

news image
Jun 23, 2023, 12:29 pm GMT+0000 payyolionline.in

ദില്ലി : ബിജെപിക്കെതിരെ ചരിത്ര നീക്കവുമായി പ്രതിപക്ഷം. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ  ബിജെപിയ്ക്കും നരേന്ദ്ര മോദിക്കുമെതിരെ ഒന്നിച്ച് പോരാടാൻ പ്രതിപക്ഷ സഖ്യം. ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റാൻ ഒന്നിച്ച് നിൽക്കാൻ പാറ്റ്നയില്‍ നടന്ന യോഗത്തിൽ പ്രതിപക്ഷ പാർട്ടികൾ തീരുമാനിച്ചു. അഭിപ്രായ വ്യത്യാസങ്ങൾ മാറ്റിവെച്ച് പാർട്ടികൾ ഒന്നിച്ച് പോരാടും. പ്രതിപക്ഷ മുഖമായി ഒരു പാർട്ടിയേയും ഉയർത്തിക്കാട്ടില്ല.

ഇന്നുണ്ടായത് വളരെ പ്രതീക്ഷയുണ്ടാക്കുന്ന ചർച്ചകളാണെന്നും പ്രതിപക്ഷ പാർട്ടികളുടെ അടുത്ത യോഗം ജൂലൈയിൽ ഷിംലയിൽ ചേരുമെന്നും ബിഹാർ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ അറിയിച്ചു. പൊതു മിനിമം പരിപാടി, മണ്ഡലങ്ങളിലെ പൊതു സ്ഥാനാർത്ഥി തുടങ്ങിയ വിഷയങ്ങളിൽ ഷിംല യോഗത്തിലാകും ഐക്യത്തിലെത്തുക. നിതീഷ് കുമാറിന്റെ അധ്യക്ഷതയിലാണ് പ്രതിപക്ഷ പാർട്ടികളുടെ യോഗം ചേർന്നത്. യോഗത്തിൽ കോൺഗ്രസിന് പ്രതിപക്ഷ നിരയിൽ പ്രാമുഖ്യം ലഭിച്ചുവെന്നത് ശ്രദ്ധേയമാണ്. യോഗത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിൽ നിതിഷ് കുമാറിന് ശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയുമാണ് സംസാരിച്ചത്.

ആശയങ്ങൾ തമ്മിലുള്ള പോരാട്ടമെന്നും അഭിപ്രായ വ്യത്യാസം മറന്ന് പ്രതിപക്ഷം ഒരുമിക്കുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. പ്രതിപക്ഷം ഒറ്റക്കെട്ടാണ്. ബിജെപിയുടെ ഏകാദിപത്യത്തിനെതിരെ ഒന്നിച്ച് പോരാടും. തങ്ങൾ പ്രതിപക്ഷമല്ല, പൌരന്മാരും ദേശസ്നേഹികളുമാണെന്നും വാർത്താ സമ്മേളനത്തിൽ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി പറഞ്ഞു. പറ്റ്നയിൽ നിന്ന് തുടങ്ങുന്നത് ഒരു വലിയ നീക്കമാണ്. ദില്ലിയിൽ നിന്ന് പല യോഗങ്ങും തുടങ്ങിയെങ്കിലും ഒന്നും ഫലവത്തായില്ല. ഇനി എല്ലാവരും (പ്രതിപക്ഷം) ഒന്നിച്ച് നീങ്ങും. ബി ജെ പി ക്കെതിരെ പട നയിച്ച് ഒന്നിച്ച് മുന്നോട്ട് പോകുമെന്നും മമത കൂട്ടിച്ചേർത്തു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി, എന്‍സിപി, ശിവസേന ഉദ്ധവ് താക്കറേ വിഭാഗം,ജെഡിയു, ആര്‍ജെഡി , നാഷണല്‍ കോണ്‍ഫറന്‍സ്, ഡിഎംകെ, സിപിഎം, പിഡിപിയടക്കം പാര്‍ട്ടികളാണ് യോഗത്തില്‍ പങ്കെടുത്തത്. അതേ സമയം, യോഗത്തിന് ശേഷമുള്ള വാർത്താസമ്മേളനത്തിൽ നിന്നും ആംആദ്മി വിട്ടുനിന്നുവെന്നതും ശ്രദ്ധേയമാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe