ബിജെപി-കോൺഗ്രസ്‌ ഒത്തുകളിയെന്ന പിണറായിയുടെ ആരോപണം തമാശ: കെ സി വേണുഗോപാൽ

news image
Aug 26, 2023, 5:19 am GMT+0000 payyolionline.in

പുതുപ്പള്ളി: ബിജെപി – കോൺഗ്രസ് ഒത്തുകളിയെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ അരോപണം തമാശയാണെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. പിണറായി വിജയൻ ബിജെപിയോട് പോരാടിയിരുന്നെങ്കിൽ ഇന്ന് മുഖ്യമന്ത്രിയാകില്ലായിരുന്നെന്നും ഒത്തുകളി ആരോപണം ആരും വിശ്വസിക്കില്ലെന്നും കെ സി വേണുഗോപാൽ  പറഞ്ഞു. കോൺഗ്രസ് പ്രവർത്തകസമിതി പുനസംഘടനയിൽ രമേശ് ചെന്നിത്തല സന്തോഷവാനാണെന്നും ജനാധിപത്യ പാർട്ടി ആകുമ്പോൾ അല്ലറ ചില്ലറ സൗന്ദര്യപിണക്കങ്ങൾ ഉണ്ടാകാമെന്നും കെ സി വേണുഗോപാൽ അഭിപ്രായപ്പെട്ടു. കെ മുരളീധരൻ കോൺഗ്രസിന്റെ പ്രധാനപ്പെട്ട നേതാവാണെന്നും അദ്ദേഹം പുതുപ്പള്ളിയിൽ നന്നായി പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിലെ താരപ്രചാരക പട്ടികയിൽ നിന്ന് മുരളീധരനെ ഒഴിവാക്കിയത് പിശകാവാമെന്നും ഉപതെരെഞ്ഞെടുപ്പിൽ താരപ്രചാരകർ പ്രാധാന്യമുള്ളതല്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

 

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പുതുപ്പള്ളിയിൽ ഇടത് സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത് സംസാരിച്ചപ്പോൾ  വർഗീയതക്കെതിരെ പോരാടുന്നവരാണ് ഇടത് പക്ഷമെന്നും എന്നാൽ കേന്ദ്രത്തിനെതിരെ സംസാരിക്കാൻ യുഡിഎഫിന് കഴിയാത്തത് എന്താണെന്നും  യുഡിഎഫും ബിജെപിയും തമ്മിൽ ഒത്തുകളിക്കുന്നെന്നും മുഖ്യമന്ത്രി പുതുപ്പള്ളിയിൽ പറഞ്ഞിരുന്നു. കിടങ്ങൂർ പഞ്ചായത്തിലെ കാര്യം എടുത്ത് പറഞ്ഞ പിണറായി വിജയൻ പ്രാദേശിക തെരെഞ്ഞെടുപ്പിൽ മറ്റ് ഇടങ്ങളിലും ഈ ഒത്തുകളി കണ്ടിട്ടുണ്ടെന്നും ആരോപിച്ചിരുന്നു. ഇതിന് മറുപടിയായിയാണ് കെ സി വേണുഗോപാലിന്റെ പ്രസ്താവന.

അതേസമയം പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിലെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസംഗത്തെ വിമർശിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരനും രംഗത്തെത്തിയിരുന്നു.ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ സ്വന്തം നേട്ടങ്ങളാക്കി പുതുപ്പള്ളിയില്‍ നിന്ന് എണ്ണിയെണ്ണിപ്പറഞ്ഞ മുഖ്യമന്ത്രിക്ക്, അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ നേട്ടങ്ങളെ കുറിച്ച് ഒരക്ഷരം പോലും പറയാന്‍ ഇല്ലായിരുന്നെന്നായിരുന്നു സുധാകരന്റെ പരിഹാസം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe