ബിപോർജോയ് ​ഗുജറാത്തിലേക്ക്: ജാഗ്രതാ നിർദേശം; വിമാനസർവീസുകൾ റദ്ദാക്കി

news image
Jun 12, 2023, 10:08 am GMT+0000 payyolionline.in

മുംബൈ :  ബിപോർജോയ് ചുഴലിക്കാറ്റ് ​ഗുജറാത്ത് തീരത്തേക്ക് നീങ്ങുന്നു. നിലവിൽ മധ്യപടിഞ്ഞാറൻ അറബിക്കടലിൽ വടക്കുദിശയിൽ നീങ്ങിക്കൊണ്ടിരിക്കുന്ന ബിപോർജോയ് വ്യാഴാഴ്‌ചയോടെ ദിശ മാറി സൗരാഷ്‌ട്ര, കച്ച് , പാകിസ്ഥാൻ തീരത്ത് കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. പരമാവധി 150 km/ hr വേഗതയിൽ കാറ്റ് വീശിയേക്കുമെന്നാണ് മുന്നറിയിപ്പ്.

സൗരാഷ്‌ട്ര-കച്ച് മേഖലയിലൂടെ കടന്ന് ബിപോർജോയ് ചുഴലിക്കാറ്റ് ഈ മാസം 15ഓടെ ഗുജറാത്തിലെ ജഖൗ തീരം തൊടുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ ഗുജറാത്തിലും മുംബൈ തീരത്തും കടൽക്ഷോഭം രൂക്ഷമായി. ഗുജറാത്തിൽ അതീവ ജാ​ഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വ്യാഴം വരെ ​ഗുജറാത്തിൽ അതിശക്തമായ മഴയും ശക്തമായ കാറ്റുമുണ്ടാകും. സൗരാഷ്‌ട്ര, കച്ച് മേഖലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അടിയന്തരയോഗം വിളിച്ചു. ചുഴലിക്കാറ്റ് നേരിടാനുള്ള മുന്നൊരുക്കങ്ങൾ പ്രധാനമന്ത്രി വിലയിരുത്തും. രക്ഷാപ്രവർത്തനങ്ങൾക്കായി എൻഡിആർഎഫ് സംഘത്തെ കച്ച്, സൗരാഷ്ട്ര‌ മേഖലയിലേക്ക് അയച്ചിട്ടുണ്ട്. അപകട സാധ്യതയുള്ള മേഖലകളിൽ നിന്ന് ജനങ്ങളെ അധികൃതർ മാറ്റിപ്പാർപ്പിക്കുന്നുണ്ട്.  പാക്കിസ്ഥാനിലെ കറാച്ചിയെയും ബിപർജോയ് സാരമായി ചുഴലിക്കാറ്റ് ബാധിക്കാൻ സാധ്യതയുണ്ട്.

അതേസമയം ചുഴലിക്കാറ്റിന്റെ ഫലമായി മുംബൈയിൽ കനത്ത മഴയും കാറ്റും തുടരുകയാണ്. മോശം കാലാവസ്ഥ വിമാന സർവീസിനെ ബാധിച്ചു. നിരവധി വിമാനങ്ങൾ റദ്ദാക്കി. ഞായറാഴ്ച രാത്രി മുംബൈയിൽ ഇറങ്ങേണ്ടിയിരുന്ന പല വിമാനങ്ങളും മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു. നിരവധി വിമാനങ്ങൾ സമയം വൈകി. അടിയന്തിരമായ സാഹചര്യങ്ങൾ ഉണ്ടായതിനാലാണ് തടസങ്ങളുണ്ടായതെന്നും പരിഹാരമുണ്ടാക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നതായും യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നുവെന്നും എയർ ഇന്ത്യ ട്വിറ്ററിലൂടെ അറിയിച്ചു.

ബിപോർജോയിയുടെ സ്വാധീനത്തിൽ കേരളത്തിൽ അടുത്ത 24 മണിക്കൂറിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് ഉച്ചക്ക് ഒരു മണി വരെ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയതോ മിതമായതോ ആയ മഴയ്‌ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe