ദില്ലി: ബിരുദധാരികൾക്ക് വമ്പൻ തൊഴിലവസരം ഒരുക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. അപ്രന്റിസ് തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റിനുള്ള വിജ്ഞാപനം എസ്ബിഐ പുറത്തിറക്കി. 6160 തസ്തികകളിലേക്കാണ് നിയമനം. കേരളത്തിൽ 424 ഒഴിവുകളുണ്ട്. സെപ്റ്റംബർ ഒന്ന് മുതൽ സെപ്റ്റംബർ 21 വരെ അപേക്ഷിക്കാം. എസ്ബിഐയുടെ ഔദ്യോഗിക സൈറ്റായ sbi.co.in വഴിയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അംഗീകൃത സർവ്വകലാശാല അല്ലെങ്കിൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് നേടിയ ബിരുദമാണ് യോഗ്യത. ഒക്ടോബർ അല്ലെങ്കിൽ നവംബർ മാസങ്ങളിൽ എഴുത്തുപരീക്ഷ നടക്കും.
അപേക്ഷിക്കേണ്ടതെങ്ങനെ?
എസ്.ബി.ഐയുടെ ഔദ്യോഗിക വെബ്‌സൈറ്റായ https://sbi.co.in/. സന്ദർശിക്കുക.
കരിയർ ലിങ്കിൽ ക്ലിക്ക് ചെയ്യുക, ഒരു പുതിയ പേജ് തുറക്കും.
എസ്ബിഐ അപ്രന്റിസ് അപേക്ഷ ഓൺലൈൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
രജിസ്റ്റർ ചെയ്ത് അക്കൗണ്ടിൽ ലോഗിൻ ചെയ്യുക.
അപേക്ഷാ ഫോം പൂരിപ്പിച്ച് അപേക്ഷാ ഫീസ് അടയ്ക്കുക.
സബ്മിറ്റ് ചെയ്ത് പേജ് ഡൗൺലോഡ് ചെയ്യുക.
കോപ്പി സൂക്ഷിക്കുക.
തിരഞ്ഞെടുക്കൽ പ്രക്രിയ
പ്രാദേശിക ഭാഷാ പരീക്ഷയും ഓൺലൈൻ എഴുത്തുപരീക്ഷയും അടിസ്ഥാനപ്പെടുത്തിയായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. എഴുത്തുപരീക്ഷയിൽ 100 ചോദ്യങ്ങളുണ്ടാകും. ഒരു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷക്ക് 100 ചോദ്യങ്ങളുണ്ടാകും. പരമാവധി മാർക്ക് 100 ആണ്. ജനറൽ ഇംഗ്ലീഷ് പരീക്ഷ ഒഴികെ, എഴുത്ത് പരീക്ഷയ്ക്കുള്ള ചോദ്യങ്ങൾ 13 പ്രാദേശിക ഭാഷകളിൽ ഉണ്ടാകും. ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾക്ക് പുറമെ അസമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, കൊങ്കണി, മലയാളം, മണിപ്പൂരി, മറാത്തി, ഒറിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു ഭാഷകളിൽ ചോദ്യങ്ങൾ ലഭ്യമാക്കും.
അപേക്ഷാ ഫീസ്
ജനറൽ/ ഒബിസി/ ഇഡബ്ല്യുഎസ് വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷാ ഫീസ് 300 രൂപയാണ്. എസ് സി/ എസ് ടി / പിഡബ്ല്യുബിഡി വിഭാഗം ഉദ്യോഗാർഥികളെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് എസ്ബിഐയുടെ ഔദ്യോഗിക വെബ്സൈറ്റ് പരിശോധിക്കാം.