ബിവറേജ് ഔട്ട്ലറ്റിൽ ആക്രമണം നടത്തിയ സംഭവത്തിൽ രണ്ടു യുവാക്കൾ പിടിയിൽ

news image
Dec 5, 2022, 2:58 pm GMT+0000 payyolionline.in

തിരുവനന്തപുരം: പാലോട് ബിവറേജ് ഔട്ട്ലറ്റിൽ ആക്രമണം നടത്തിയ സംഭവത്തിൽ രണ്ടു യുവാക്കൾ പിടിയിൽ. പാലോട് ആലംപാറ തോട്ടരികത്ത് ആര്യഭവനിൽ റെമോ എന്ന് വിളിക്കുന്ന അരുൺ (24), കള്ളിപ്പാറ തോട്ടുമ്പുറം കിഴക്കുംകര വീട്ടിൽ അഖിൽ എസ് സുനിൽ (24) എന്നിവരെയാണ് പാലോട് പൊലീസ് പിടികൂടിയത്. പാലോട് ബിവറേജസ് ഔട്ട്‌ലെറ്റിൽ മദ്യം വാങ്ങാനെത്തിയ യുവാക്കള്‍ ഗുണ്ടകാളാണെന്ന് പറഞ്ഞാണ് അക്രമം അഴിച്ചുവിട്ടത്.

ജീവനക്കാരോട് അനാവശ്യമായി പ്രശ്നങ്ങൾ ഉണ്ടാക്കിയ പ്രതികള്‍ ഇവരെ ഭീഷണിപ്പെടുത്തി ഔട്ട്ലെറ്റിനുള്ളിൽ കടന്നു കയറുകയായിരുന്നു. തുടര്‍ന്ന് തങ്ങൾ ഗുണ്ടകളാണെന്നും ആരും ഒന്നും ചെയ്യില്ലെന്നും വിളിച്ച് പറഞ്ഞ് ജീവനക്കാരെ ആക്രമിച്ചു. സംഭവം തടയാന്‍ ശ്രമിച്ച ജീവനക്കാരെയും നാട്ടുകാരെയും പ്രതികൾ ഉപദ്രവിച്ചതായി പൊലീസ് പറഞ്ഞു. പിടിയിലായ ഇരുവരും ചെറുപ്രായത്തിൽ തന്നെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്.

നിരവധി അടിപിടി കേസുകളിലെ പ്രതികളായ യുവാക്കളെ നേരത്തെ കാപ്പ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ടെന്ന് പാലോട് പൊലീസ് പറഞ്ഞു. പാലോട് ഇൻസ്പെക്ടർ പി ഷാജിമോന്റെ നേതൃത്വത്തിൽ എ നിസാറുദ്ദീൻ, റഹീം, അൽ അമാൻ, രജിത്ത് രാജ് എന്നിവരാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe