ബി.ജെപി.ക്ക് അക്കൗണ്ട് തുറപ്പിക്കുക എന്ന വാശിയോടെയാണ് എൽ.ഡി.എഫ് പ്രവർത്തിക്കുന്നതെന്ന് രമേശ് ചെന്നിത്തല

news image
Mar 11, 2024, 11:01 am GMT+0000 payyolionline.in

തിരുവനന്തപുരം: കേരളത്തിൽ ബി.ജെ.പി.ക്ക് അക്കൗണ്ട് തുറപ്പിക്കുക എന്ന വാശിയോടെയാണ് എൽ.ഡി.എഫ് പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ തവണ നിയമസഭയിൽ ബി.ജെ.പി അക്കൗണ്ട് തുറക്കാതിരുന്നത് കേരളത്തിലെ യു.ഡി.എഫ് ശക്തമായ നിലപാട് സ്വീകരിച്ചതിനാലാണ്. ഇത്തവണ എൽ.ഡി.എഫ് കൺവീനർ ഇപി ജയരാജൻ ബി.ജെ.പി.ക്ക് മഹത്വമുണ്ടാക്കിക്കൊടുക്കുകയാണ്.

എൽ.ഡി.എഫും ബി.ജെ.പി യും തമ്മിലാണ് മത്സരം എന്ന് സി.പി.എം പറഞ്ഞിട്ട് അത് തള്ളിപ്പറയാൻ മുഖ്യമന്ത്രിയോ പാർട്ടി സെക്രട്ടറിയോ തയാറായിട്ടില്ല. കേരളത്തിൽ കോൺഗ്രസ്മുക്ത ഭാരതമെന്ന ബി.ജെ.പി യുടെ ദുരാഗ്രഹത്തിന് വളം വച്ചു കൊടുക്കുന്ന പ്രസ്താവനയാണ് ഇ.പി ജയരാജന്റെ ഭാഗത്തു നിന്നുമുണ്ടായത്. എന്നാൽ അത് സി.പി.എമ്മിന്റെ ഔദ്യോഗിക നയമാണ് എന്ന നിലക്കാണ് മുന്നോട്ട് പോകുന്നത്. ‘കേരളത്തിൽ യു.ഡു.എഫ് അതിശക്തമായ നിലയിൽ പ്രചാരണരംഗത്തു കടന്നുവരുമ്പോൾ ഭയംകൊണ്ടാണ് ഞങ്ങൾക്കെതിരെ സി.പി.എമ്മും ബി.ജെ.പി യും പ്രചാരണങ്ങളുമായി രംഗത്തു വരുന്നത്.

കേരളത്തെ സംബന്ധിച്ചിടത്തോളം ഇത്തവണയും ബി.ജെ.പി അക്കൗണ്ട് തുറക്കാൻ പോകുന്നില്ല. ബി.ജെ.പി യെയും എൽ.ഡി.എഫിനെയും നേരിടാനുള്ള കരുത്തോടു കൂടിയാണ് സ്ഥാനാർഥിപ്പട്ടിക പ്രഖ്യാപിച്ചിട്ടുള്ളത്. ഒരുകാലത്തുമില്ലാത്തവിധം കേരളത്തിലെ കോൺഗ്രസിലും യു.ഡി.എഫിലും ഐക്യം ഊട്ടിയുറപ്പിച്ചു കൊണ്ടാണ് ഞങ്ങൾ തെരഞ്ഞെടുപ്പുരംഗത്തേക്ക് ഇറങ്ങിയിരിക്കുന്നത്. കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ ജനങ്ങൾ ചിന്തിക്കുന്നുവെന്ന് ഈ തെരഞ്ഞെടുപ്പിലൂടെ തെളിയിക്കാൻ പോകുകയാണ്.

ഇത്തവണ 20 ൽ 20 സീറ്റും യു.ഡി.എഫ് നേടും എന്ന് തിരിച്ചറിഞ്ഞാണ് എൽ.ഡി.എഫ് കൺവീനർ ബി.ജെ.പിക്ക് പിന്തുണ കൊടുത്തു കൊണ്ടിരിക്കുന്നത്. ബി.ജെ.പിയുടെ ഏജന്റുമാരായി സി.പി.എം നേതാക്കന്മാർ മാറുന്നത് തികച്ചും ദൗർഭാഗ്യകരമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ 69 സീറ്റുകളിലാണ് ബി.ജെ.പിയുടെ വോട്ടുകൾ ഇടതുമുന്നണിക്ക് പോയത്. കോൺഗ്രസ് നേതൃത്വത്തിലുള്ള ഒരു ഗവൺമെന്റ് അധികാരത്തിലെത്താതിരിക്കാൻ വേണ്ടിയാണ് ബി.ജെ.പിക്കാർ എൽ.ഡി.എഫ് സ്ഥാനാർഥികൾക്ക് വോട്ടുചെയ്തത്. ഇത്തവണ അതിന്റെ പ്രത്യുപകാരമാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

തന്നെയുമല്ല ഇടതു മുന്നണിയും ബി.ജെ.പിയും തമ്മിൽ ഒരു അന്തർധാര നിലവിലുണ്ട് , ലാവലിൻ കേസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ അത് വ്യക്തവുമാണ്. ഈ തെരഞ്ഞെടുപ്പിൽ ഞങ്ങൾ അതിശക്തമായി പോരാടുന്നത് ബി.ജെ.പി അക്കൗണ്ട് തുറക്കാൻ പാടില്ല എന്ന നിർബദ്ധബുദ്ധിയോടെയാണ്. അതുമാത്രമല്ല കേരളത്തിലെ ഇടതുമുന്നണി സർക്കാരിന്റെ ജനദ്രോഹ നടപടികൾ തുറന്നു കാണിക്കാനും നരേന്ദ്ര മോദിയെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെയുമാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത്.

കേരളത്തിലെ സർക്കാർ ഇന്ന് പെൻഷൻ കൊടുക്കുന്നില്ല, ശമ്പളം കൊടുക്കുന്നില്ല. 52 ലക്ഷം ആളുകൾക്ക് ക്ഷേമ പെൻഷൻ ഏഴ് മാസമായി കൊടുക്കുന്നില്ല. ഈ ഗവൺമെന്റ് പരിപൂർണമായും നിശ്ചലമാണ്. ഒരു വികസന പ്രവർത്തനവും നടക്കുന്നില്ല, ട്രഷറികൾ പൂട്ടിക്കിടക്കുന്നു, ഇതുപോലെ നിശ്ചലമായ, പരാജയമായ ഒരു സർക്കാറിനെ കേരള ചരിത്രത്തിൽ കാണാൻ കഴിയില്ല.

നരേന്ദ്രമോദി ഗവൺമെന്റിനെ താഴെയിറക്കുന്നതിനുവേണ്ടി ജനങ്ങൾ മതേതര ജനാധിപത്യ മുന്നണിയായ യു.ഡു.എഫിന് വോട്ട് ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. അതിൽ വിറളി പൂണ്ടതു കൊണ്ടാണ് ഞങ്ങളും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്ന് എൽ.ഡി.എഫ് കൺവീനർ പറഞ്ഞത്. അതുകൊണ്ട് ഞങ്ങളുടെ സ്ഥാനാർത്ഥിപ്പട്ടിക പുറത്തുവന്ന സാഹചര്യത്തിലും യു.ഡി.എഫിന് വളരെ അനുകൂലമായ അവസരമാണ് ഉരുത്തിരിഞ്ഞു വന്നിട്ടുള്ളത്.

ആലപ്പുഴയിൽ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ യു.ഡി.എഫ് വിജയിക്കും. ഇന്നലെ ആയിരക്കണക്കിനാളുകളാണ് റോഡ് ഷോയിൽ പങ്കെടുത്തത്. റിക്കാർഡ് ഭൂരിപക്ഷത്തിൽ കെ.സി.വേണുഗോപാൽ ആലപ്പുഴയിൽ വിജയിക്കും. ആലപ്പുഴയെ നോക്കി എം.വി. ഗോവിന്ദൻ വെറുതെ മന: പായസം ഉണ്ണേണ്ട

ലോക്സഭയിൽ കൂടുതൽ എം.പി മാരെ അയക്കുക എന്നത് നരേന്ദ്രമോദിയെ താഴെയിറക്കുന്നതിന്റെ ഭാഗമായിട്ടാണ്. രാജ്യസഭയിലെ എണ്ണം നോക്കിയല്ല നരേന്ദ്രമോദിയെ താഴെ ഇറക്കുന്നത്. ലോക്സഭയിലെ എണ്ണം നോക്കിയാണ്. ഇന്ത്യയിൽ ഇനി ഒരു തെരഞ്ഞെടുപ്പ് ഉണ്ടാകണമെങ്കിൽ ഈ ഏകാധിപതിയായ നരേന്ദ്ര മോദിയെ താഴെയിറക്കണം. ഈ വിപത്തിനെ ഒഴിവാക്കുക എന്നതാണ് പരമപ്രധാനമായ ലക്ഷ്യം എന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe