തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിലെ ആളുകളുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണുകളില്‍ ഉയര്‍ന്ന ബീപ് ശബ്ദത്തോടെ അപ്രതീക്ഷിതമായി ഒരു മുന്നറിയിപ്പ് സന്ദേശം വന്നതിന്റെ ഞെട്ടലിലാണ് പലരും. എന്താണ് സംഭവിച്ചത് എന്നറിയാതെ പലരും മൊബൈല്‍ ഫോണ്‍ കയ്യില്‍ നിന്ന് താഴെവച്ചു. ഉയര്‍ന്ന ബീപ് ശബ്ദത്തിനൊപ്പം വൈബ്രേഷനും ഫോണുകള്‍ക്കുണ്ടായതാണ് പലരിലും ഞെട്ടലുണ്ടാക്കിയത്. എന്താണ് സംഭവിച്ചത് എന്ന് വിശദമായി നോക്കാം.
മൊബൈല്‍ ഫോണുകളില്‍ ഉയര്‍ന്ന ബീപ് ശബ്ദത്തോടെ അലെര്‍ട് വന്നതില്‍ ആരും ഭയക്കേണ്ടതില്ല. കേരളത്തില്‍ പുതുതായി പരീക്ഷിക്കുന്ന Cell Broadcast (സെല്‍ ബ്രോഡ്കാസ്റ്റ്) സംവിധാനം സംബന്ധിച്ച പരിശോധനയുടെ ഭാഗമായി ഉള്ള മുന്നറിയിപ്പ് ശബ്ദങ്ങളും വൈബ്രേഷനും സന്ദേശങ്ങളുമാണ് ഇന്ന് മൊബൈല്‍ ഫോണുകളിലെത്തിയത്. ദേശീയ ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര ടെലികമ്യൂണികേഷന്‍ വകുപ്പ്, സംസ്ഥാന, ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പരീക്ഷണം നടത്തിയത്. രാജ്യത്തിന്റെ മറ്റ് പല ഭാഗങ്ങളില്‍ നേരത്തെ തന്നെ സെല്‍ ബ്രോഡ്കാസ്റ്റ് സന്ദേശം കേന്ദ്ര സര്‍ക്കാര്‍ പരീക്ഷിച്ചിരുന്നു.