കോട്ടയം: പുതുപ്പള്ളി നിയമസഭാ നിയോജക മണ്ഡലത്തിലെ വോട്ടർ പട്ടികയിൽ ഇത്തവണയും ഉമ്മൻ ചാണ്ടിയുടെ പേര്. ജോർജിയൻ പബ്ലിക് സ്കൂളിൽ 126–ാം നമ്പർ ബൂത്തിലെ വോട്ടർ പട്ടികയിൽ 647–ാം ക്രമ നമ്പറായിട്ടാണ് അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേരുള്ളത്. ഉമ്മൻ ചാണ്ടിയുടെ പേര് പേന കൊണ്ട് വെട്ടിയിട്ടുണ്ട്.
വോട്ടർ മരിച്ചാൽ നടപടിക്രമം പാലിച്ച് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ സ്വാഭാവിക കാലതാമസം ഉണ്ടാകാറുണ്ട്. മരണവിവരം പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്ത ശേഷം ഈ വിവരം അതാത് മേഖലയിലെ ബൂത്തുതല ഓഫീസർ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറും. തുടർന്നാണ് വോട്ടർ പട്ടികയിൽ നിന്ന് മരിച്ച വോട്ടറുടെ പേര് ഒഴിവാക്കുക. ജൂലൈ 18 നായിരുന്നു ഉമ്മൻ ചാണ്ടിയുടെ വിയോഗം. ഉമ്മന്‍ചാണ്ടിയുടെ വിയോഗ ശേഷം നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മൂന്ന് മുന്നണി സ്ഥാനാർത്ഥികളുൾപ്പെടെ ആകെ ഏഴ് സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. മൂന്നാഴ്ചത്തെ വാശിയേറിയ പ്രചാരണത്തിന് ശേഷമാണ് പുതുപ്പള്ളി ജനവിധി തേടുന്നത്.
പുതുപ്പള്ളിയിൽ വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. 90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാൻസ്ജെൻഡറുകളും അടക്കം 1,76,417 വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്. വോട്ടെടുപ്പ് ഡ്യൂട്ടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 182 ബൂത്തുകളാണ് മണ്ഡലത്തിലുള്ളത്. 182 പോളിങ് ബൂത്തുകളിലും വെബ്കാസ്റ്റിങ് ഏർപ്പെടുത്തിയിട്ടുണ്ട്. പോളിങ് അവസാനിക്കുന്നത് വരെയുള്ള പോളിങ് ബൂത്തുകളിലെ നടപടികൾ കളക്ട്രേറ്റിലെ കൺട്രോൾ റൂമിലൂടെ തത്സമയം അറിയാം