ബെംഗളൂരു:വിവാഹത്തിന് മുന്നോടിയായി ചിരി ഡിസൈൻ ചെയ്യാനുള്ള ശസ്ത്രക്രിയയെതുടര്‍ന്ന് യുവാവ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ശസ്ത്രക്രിയക്കിടെ അനസ്തേഷ്യ ഓവര്‍ഡോസായതാണ് മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇതുസംബന്ധിച്ച് ഉള്‍പ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്. ഹൈദരാബാദിലാണ് ദാരുണ സംഭവം ഉണ്ടായത്. വിവാഹത്തിനു മുന്നോടിയായി ചിരി ഡിസൈന്‍ ചെയ്യാന്‍ സൗന്ദര്യ വർദ്ധന ശസ്ത്രക്രിയയ്ക്ക് വിധേയനായ നവവരനാണ് മരിച്ചത്. ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള പ്രമുഖ ഡെന്‍റൽ കോസ്മറ്റിക് ക്ലിനിക്കായ എഫ്എംഎസ് ഇന്‍റർനാഷണൽ ഡെന്‍റൽ ക്ലിനിക്കിൽ ചുണ്ടുകളിൽ സൗന്ദര്യ വർദ്ധക ശസ്ത്രക്രിയ നടത്താനെത്തിയ ഇരുപത്തിയെട്ടുകാരൻ ലക്ഷ്മി നാരായണ വിഞ്ജം ആണ് മരിച്ചത്. അടുത്ത ആഴ്ച വിവാഹം നടക്കാനിരിക്കെയാണ് മരണം.
ഫെബ്രുവരി 16-നാണ് ഇദ്ദേഹം ആദ്യം ക്ലിനിക്കിൽ ചികിത്സ തേടിയെത്തിയത്. ഇന്നലെ ശസ്ത്രക്രിയ നിശ്ചയിച്ചു. വൈകിട്ട് നാലരയോടെ ലക്ഷ്മി നാരായണയെ ഓപ്പറേഷൻ തിയറ്ററിലേക്ക് കയറ്റി. അനസ്തേഷ്യ നൽകി. രണ്ട് മണിക്കൂർ ശസ്ത്രക്രിയ നീണ്ടു. പക്ഷേ ശസ്ത്രക്രിയ കഴിഞ്ഞ് അനസ്തേഷ്യ ഡോസിന്‍റെ ശക്തി കുറയേണ്ട സമയമായിട്ടും ലക്ഷ്മി നാരായണ ബോധം വിട്ടെഴുന്നേറ്റില്ല. ക്ലിനിക്കുകാർ വിളിച്ചറിയിച്ച പ്രകാരം വീട്ടുകാരെത്തിയാണ് ലക്ഷ്മി നാരായണയെ തൊട്ടടുത്തുള്ള അപ്പോളോ ആശുപത്രിയിലെത്തിച്ചത്. പക്ഷേ, ആശുപത്രിയിലെത്തിച്ചപ്പോഴേക്ക് യുവാവ് മരിച്ചിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്നു ലക്ഷ്മി നാരായണയുടെ വിവാഹനിശ്ചയം. അടുത്ത മാസമായിരുന്നു കല്യാണം നിശ്ചയിച്ചിരുന്നത്. അനസ്തേഷ്യ ഓവർഡോസായതാണ് ലക്ഷ്മി നാരായണയുടെ മരണത്തിന് കാരണമെന്ന് കുടുംബം ആരോപിക്കുന്നു. പൊലീസ് സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും ഹൈദരാബാദ് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.