ബെയ്റൂട്ടിൽ വീണ്ടും ഇസ്രയേൽ ആക്രമണം; ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടെന്ന് സൂചന

news image
Sep 24, 2024, 2:42 pm GMT+0000 payyolionline.in

ബെയ്റൂട്ട്: ലബനന്റെ തലസ്ഥാന നഗരമായ ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല കമാൻഡർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹിസ്ബുല്ലയുടെ റോക്കറ്റ് വിഭാഗം പ്രധാനിയായ ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടെന്ന് ലബനനിലെ സുരക്ഷാസംഘത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഖുബൈസിയെ കൂടാതെ ആറു പേർ ആക്രമണത്തിൽ കൊല്ലപ്പെട്ടെന്നാണ് വിവരം, 15 പേർക്ക് പരുക്കേറ്റു.

തുടർച്ചയായ രണ്ടാം ദിനവും ഈ ആഴ്ചയിൽ മൂന്നാം തവണയുമാണ് ബെയ്റൂട്ടിനു നേരെ ഇസ്രയേൽ ആക്രമണം നടത്തുന്നത്. ബെയ്റൂട്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹിസ്ബുല്ല കമാൻഡറെ കൃത്യമായി ലക്ഷ്യംവച്ചുള്ള ആക്രമണമാണ് നടന്നതെന്ന് ഇസ്രയേൽ സേന അറിയിച്ചു. ബെയ്റൂട്ടിലെ ഗോയ്ബെറിയിലെ ഒരു കെട്ടിടത്തിന്റെ മുകൽ നിലയിൽ മിസൈൽ പതിക്കുന്നതും അവിടെനിന്ന് തീയും പുകയും ഉയരുന്നതുമായ ചിത്രങ്ങളും വിഡിയോയും പുറത്തുവന്നു. കെട്ടിടത്തിന്റെ രണ്ടു നില തകർന്നതായാണ് വിവരം.

ലബനനിൽ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യംവച്ച് ഇസ്രയേൽ വിവിധ ഇടങ്ങളിൽ നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 558 ആയി. മരണപ്പെട്ടവരിൽ 50 പേർ കുട്ടികളാണ്. രണ്ടു ദിവസമായി നടക്കുന്ന ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടെ 1835 പേർക്ക് പരുക്കേറ്റിട്ടുണ്ട്. മുന്നൂറിലേറെ ഹിസ്ബുല്ല കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് മിസൈൽ ആക്രമണം നടത്തിയതെന്ന് ഇസ്രയേൽ അവകാശപ്പെടുന്നുണ്ടെങ്കിലും കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe