ബെൽഗ്രേഡിൽ പിതാവിന്റെ തോക്കുപയോഗിച്ച് ഏഴാം ക്ലാസുകാരൻ നടത്തിയ വെടിവെപ്പിൽ എട്ട് കുട്ടികളുൾപ്പടെ ഒമ്പത് പേർ കൊല്ലപ്പെട്ടു

news image
May 3, 2023, 12:15 pm GMT+0000 payyolionline.in

ബെൽഗ്രേഡ്: സെർബിയൻ തലസ്ഥാനമായ ബെൽഗ്രേഡിലെ സ്കൂളിലുണ്ടായ വെടിവെപ്പിൽ എട്ട് കുട്ടികളും സുരക്ഷാ ജീവനക്കാരനും കൊല്ലപ്പെട്ടു. ഏഴാം ക്ലാസുകാരനായ വിദ്യാർഥിയാണ് വെടിയുതിർത്തത്. വ്ലാഡിസ്‍ലാവ് റിബനിക സ്കൂളിലാണ് വെടിവെപ്പുണ്ടായത്.

പ്രാദേശിക സമയം 8.40 മണിയോടെയാണ് വെടിവെപ്പുണ്ടായെന്ന സന്ദേശം പൊലീസിന് ലഭിച്ചതെന്ന് അധികൃതർ അറിയിച്ചു. പിതാവിന്റെ തോക്ക് ഉപയോഗിച്ചാണ് വിദ്യാർഥി വെടിവെപ്പ് നടത്തിയത്. വെടിവെപ്പിൽ ആറോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരുടെ നില ഗുരുതരമായി തുടരുന്നുവെന്നാണ് വിവരം. പരിക്കേറ്റവരിൽ ചിലരെ ശസ്ത്രക്രിയക്ക് വിധേയമാക്കിയെന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.

അധ്യാപകർക്ക് നേരെയാണ് വിദ്യാർഥി ആദ്യം വെടിയുതിർത്തതെന്ന് സ്കൂളിലെ വിദ്യാർഥിനികളിൽ ഒരാളുടെ രക്ഷിതാവായ മിലൻ മിലോസെവിക് പ്രതികരിച്ചു. തന്റെ മകൾ ഹിസ്റ്ററി ക്ലാസിലിരിക്കുമ്പോഴാണ് വെടിവെപ്പുണ്ടായത്. മകളെ അന്വേഷിച്ച് സ്കൂളിലെത്തിയ തനിക്ക് ആദ്യം അവളെ കണ്ടെത്താനായില്ല. പിന്നീട് സ്കൂളിൽ ​തെരച്ചിൽ നടത്തിയതിന് ശേഷമാണ് അവളെ കണ്ടെത്താനായതെന്നും അദ്ദേഹം പറഞ്ഞു. വെടിവെപ്പ് നടത്തിയ കുട്ടി നല്ല വിദ്യാർഥിയായിരുന്നുവെന്ന് മകൾ പറഞ്ഞതായും മിലോസെവിക് കൂട്ടിച്ചേർത്തു.

കൂട്ടവെടിവെപ്പുകൾ സെർബിയയിൽ അപൂർവമാണ്. 1990കൾക്ക് ശേഷം ശക്തമായ നിയമങ്ങൾ വന്നതോടെ വെടിവെപ്പുകളുടെ എണ്ണം കുറഞ്ഞിരുന്നു. ഇതിന് മുമ്പ് 2013ൽ നടന്ന വെടിവെപ്പിൽ 13 പേരാണ് കൊല്ലപ്പെട്ടത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe