ഫറോക്ക്: ഉത്തരകേരളത്തിലെ പ്രധാന മത്സ്യബന്ധന കേന്ദ്രമായ ബേപ്പൂർ ഫിഷിങ് ഹാർബറിന്റെ ആഴം വർധിപ്പിക്കുന്നതിനുള്ള ഡ്രഡ്ജിങ് 25ന് വെള്ളിയാഴ്ചയ്ക്ക് മുമ്പായി ആരംഭിച്ചേക്കും. പ്രവൃത്തി ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കം ധ്രുതഗതിയിൽ തുറമുഖത്ത് തുടരുകയാണ്. ഡ്രഡ്ജിങ് യന്ത്രവും നദിയിൽ നിന്നെടുക്കുന്ന മണ്ണും ചെളിയും പാറക്കഷ്ണങ്ങളുമുൾപ്പെടെ ശേഖരിക്കുന്നതിനുള്ള ബാർജും ഇതിനകം ബേപ്പൂർ പോർട്ടിൽ എത്തിയിട്ടുണ്ട്. ഉരുക്കുചങ്ങാടം നദിയിലിറക്കി. തുറമുഖങ്ങളുടെ പുനരുദ്ധാരണം, ആധുനികവൽക്കരണം, ആഴം കൂട്ടൽ തുടങ്ങിയ പദ്ധതികളുടെ ഭാഗമായാണ് 5.94 കോടി രൂപ ചെലവഴിച്ച് ഹാർബറിന്റെ വടക്കുഭാഗത്തെ ലോ ലെവൽ ജെട്ടി മുതൽ തെക്ക് സിൽക്ക് കപ്പൽ പൊളിശാല വരെ 450 മീറ്റർ നീളത്തിലും 100 മീറ്റർ വീതിയിൽ 95,000 ക്യുബിക് മീറ്റർ പുഴയിലെ മണ്ണും ചെളിയും പാറയും നീക്കി ആഴംകൂട്ടുന്നത്.
ഹാർബർ എൻജിനിയറിങ് വിഭാഗത്തിനാണ് പദ്ധതി നിർവഹണച്ചുമതല. ഗോവ ഡ്രഡ്ജിങ് കമ്പനിയാണ് പ്രവൃത്തി കരാറെടുത്തിരിക്കുന്നത്. ആദ്യഘട്ടം ലോ ലെവൽ ജെട്ടി മുതൽ പുതിയ വാർഫിലെ ലേലപ്പുരയുടെ അവസാന ഭാഗംവരെ 100 മീറ്റർ നീളത്തിലും 120 മീറ്റർ വീതിയിലും ഡ്രഡ്‌ജിങ് നടക്കും. നീക്കം ചെയ്യുന്ന മണലും മറ്റും ബാർജിൽ ആഴക്കടലിൽ അഞ്ച് കിലോമീറ്റർ ദൂരത്തിൽ നിക്ഷേപിക്കും. ഡ്രഡ്ജിങ് ആരംഭിക്കുന്നതിന് മുന്നോടിയായി പ്രവൃത്തി നടക്കുന്ന മേഖലയിൽനിന്ന് ബോട്ടുകൾ ഉൾപ്പെടെ യാനങ്ങൾ മാറ്റണമെന്ന അറിയിപ്പ് നൽകിയെങ്കിലും കൂടുതൽ ബോട്ടുകളും മാറ്റിയിട്ടില്ലെന്ന ആക്ഷേപമുയർന്നിട്ടുണ്ട്.