ഫറോക്ക് : ബേപ്പൂർ ഫിഷിങ് ഹാർബറിന്റെ സമഗ്ര വികസനത്തിന് 85 കോടിയുടെ പദ്ധതി പരിഗണനയിലുണ്ടെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി പർഷോത്തം രൂപാല പറഞ്ഞു. കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ ‘സാഗർ പരിക്രമ യാത്ര’യുടെ ഭാഗമായി ബേപ്പൂർ ഹാർബറിൽ മന്ത്രിമാരായ സജി ചെറിയാൻ, പി എ മുഹമ്മദ് റിയാസ്, തൊഴിലാളി സംഘടനാപ്രതിനിധികൾ, മത്സ്യത്തൊഴിലാളികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവരുമായി നടത്തിയ ചർച്ചകൾക്കുശേഷമാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്. ഹാർബറിന്റെ സമഗ്ര വികസനത്തിനായുള്ള പദ്ധതിരേഖ മന്ത്രിമാർ കേന്ദ്രമന്ത്രിക്ക് കൈമാറി. വിവിധ സംഘടനാ പ്രതിനിധികളും നിവേദനങ്ങൾ നൽകി.
ബേപ്പൂർ തുറമുഖ വികസന പദ്ധതിയിൽ കേന്ദ്ര സർക്കാർ വേഗത്തിൽ നടപടി സ്വീകരിക്കും. തീരമേഖലയിൽ മികച്ച രീതിയിലാണ് സംസ്ഥാന സർക്കാർ ഇടപെടുന്നതെന്ന് പറഞ്ഞ കേന്ദ്രമന്ത്രി ഇക്കാര്യത്തിൽ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അഭിനന്ദിച്ചു. മാഹിയിൽ 12 വർഷമായിട്ടും ഹാർബർ പ്രവൃത്തി എങ്ങുമെത്തിയില്ലെന്നും അയൽക്കാർ എന്ന നിലയിൽ കേരളം സാങ്കേതികമായി അവരെ സഹായിക്കണമെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രമന്ത്രിയെയും പത്നിയെയും ഹാർബർ കവാടത്തിൽ വാദ്യഘോഷങ്ങളോ ടെ സ്വീകരിച്ചു. കേന്ദ്ര ഫിഷറീസ് സെക്രട്ടറി ഡോ. അഭിലാഷ് ലിഖി, സംസ്ഥാന ഫിഷറീസ് പ്രിൻസിപ്പൽ സെക്രട്ടറി കെ എസ് ശ്രീനിവാസ്, കലക്ടർ എ ഗീത, അസി. കലക്ടർ സി ചെൽസ സിനി, ഹാർബർ എൻജിനിയർ എം എ അൻസാരി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർമാരായ അനിൽകുമാർ, ബി കെ സുധീർ കിഷൻ തുടങ്ങിയവർ പങ്കെടുത്തു.