ബേപ്പൂർ ∙ ബിസി റോഡിലെ കോർപറേഷൻ ബേപ്പൂർ മിനി സ്റ്റേഡിയം അടിയന്തരമായി നവീകരിച്ചു കായികതാരങ്ങൾക്ക് ഉപയോഗ സജ്ജമാക്കാൻ മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നിർദേശം. മഴ പെയ്താൽ മൈതാനത്ത് വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുന്ന തരത്തിൽ മണ്ണിട്ടു നിരപ്പാക്കാനും റെസ്റ്റ് റൂം നവീകരണ പ്രവൃത്തി പെട്ടെന്നു തുടങ്ങാനും സ്റ്റേഡിയം സന്ദർശിക്കാനെത്തിയ മന്ത്രി നിർദേശിച്ചു.
മിനി സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥ സംബന്ധിച്ചു കഴിഞ്ഞ ദിവസം മലയാള മനോരമ വാർത്ത നൽകിയിരുന്നു. തുടർന്നാണു മന്ത്രിയുടെ അടിയന്തര ഇടപെടലുണ്ടായത്. ഇവിടത്തെ വിശ്രമ മുറി അറ്റകുറ്റപ്പണി നടത്താൻ കോർപറേഷൻ ടെൻഡർ ചെയ്ത 20 ലക്ഷം രൂപയുടെ പ്രവൃത്തി പെട്ടെന്നു നടപ്പാക്കും.
പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കൗൺസിലർമാരുടെ നേതൃത്വത്തിൽ ഫുട്ബോൾ അക്കാദമി ഭാരവാഹികളെ ഉൾപ്പെടുത്തി മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കും. സ്റ്റേഡിയം വികസനത്തിനു ഭൂമി ഏറ്റെടുക്കുന്ന കാര്യം രണ്ടാം ഘട്ടമായി നടപ്പാക്കും. ഇലവൻസ് ഫുട്ബോൾ മത്സരങ്ങൾക്ക് യോജ്യമായ മൈതാനമാക്കി വികസിപ്പിക്കുകയാണു ലക്ഷ്യം. ഇതിനു ആവശ്യമായ ഭൂമി യുദ്ധകാലാടിസ്ഥാനത്തിൽ ഏറ്റെടുക്കാൻ കോർപറേഷൻ സെക്രട്ടറിയെ ചുമതലപ്പെടുത്തി.
കോർപറേഷൻ ഫണ്ടിനു പുറമേ സുമനസ്കരായ കായിക പ്രേമികളുടെ സഹകരണത്തോടെയാകും പദ്ധതി നടപ്പാക്കുക. ബേപ്പൂർ മിനി സ്റ്റേഡിയം നവീകരണം കേന്ദ്രാവിഷ്കൃത പദ്ധതിയായ ഖേലോ ഇന്ത്യ പദ്ധതിയുടെ ഭാഗമാക്കാൻ കേന്ദ്രത്തിന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ആധുനിക സൗകര്യങ്ങൾ ഒരുക്കി മേഖലയിലെ മികച്ച മൈതാനമായി നവീകരിക്കാനാണു ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കൗൺസിലർമാരായ എം.ഗിരിജ, കെ.രാജീവ്, വാടിയിൽ നവാസ്, ടി.കെ.ഷമീന, കോർപറേഷൻ സെക്രട്ടറി കെ.യു.ബിനി, സോണൽ അസി.എൻജിനീയർ കെ.ഫാസിൽ, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രഭു പ്രേംനാഥ്, കെഡിഎഫ്എ ജോയിന്റ് സെക്രട്ടറി പി.അബ്ദുൽ സലീം, റോയൽ സ്പോർട്സ് ക്ലബ് പ്രസിഡന്റ് എം.രാധാകൃഷ്ണൻ, ഓറഞ്ച് ഫുട്ബോൾ സ്കൂൾ ടെക്നിക്കൽ ഡയറക്ടർ ടി.സുനിൽ മാധവ്, യൂണിറ്റി എഫ്സി ചെയർമാൻ ഒ.കെ.മൻസൂർ അലി എന്നിവർ പങ്കെടുത്തു.