മുട്ടം: സ്ഥല ഉടമകളുടെ അനുമതിപത്രം വാങ്ങിനൽകിയാൽ നിർദിഷ്ട പെരുമറ്റം -തോട്ടുംകര ബൈപാസ് വേഗത്തിലാക്കാമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.
മലങ്കര മീനച്ചിൽ കുടിവെള്ള പദ്ധതി സംബന്ധിച്ച ആശങ്ക പരിഹരിക്കണമെന്നും നിർദിഷ്ട ബൈപാസ് യാഥാർഥ്യമാക്കി അതുവഴി പൈപ്പ് ലൈൻ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് നിവേദനം നൽകിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷേർളി അഗസ്റ്റിൻ ഉൾപ്പെടെ ജനപ്രതിനിധികളെയാണ് ഇക്കാര്യം അറിയിച്ചത്. 1236 കോടി മുതൽ മുടക്കി കോട്ടയം ജില്ലയിലെ 13 പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന പദ്ധതി തടയാനാവില്ല.
ഇന്ത്യയിലൊട്ടാകെ നടപ്പാക്കുന്ന സമ്പൂർണ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കേണ്ടതാണ്. ബൈപാസിനായി പെരുമറ്റം മുതൽ തോട്ടുംകരവരെയുള്ള 2.1 കിലോമീറ്റർ ദൂരം ഏറ്റെടുക്കണമെങ്കിൽ കാലതാമസം വേണ്ടിവരും. അതുവരെ കുടിവെള്ള പദ്ധതി തടഞ്ഞിടാനാവില്ല. എന്നാൽ, ജനത്തിന് അധികം ബുദ്ധിമുട്ട് ഉണ്ടാകാത്ത സാധ്യമായ ബദൽ മാർഗങ്ങൾ പരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.
മീനച്ചിൽ കുടിവെള്ള പദ്ധതി പൈപ്പ് ലൈൻ മുട്ടം ടൗൺ വഴി കൊണ്ടുപോകാനാണ് നിലവിൽ അധികൃതരുടെ തീരുമാനം. ഇതിനെതിരെ നാട്ടുകാർ വിവിധ തലങ്ങളിൽ പരാതിയും നൽകിയിട്ടുണ്ട്. പഞ്ചായത്തിൽ ചേർന്ന സർവകക്ഷി യോഗത്തിലും പ്രതിഷേധം ഉയർന്നിരുന്നു.