മുംബൈ: കോടതിക്കുള്ളിൽ ജഡ്ജി രാജി പ്രഖ്യാപനം നടത്തുന്നത് രാജ്യത്ത് അധികം കണ്ടിട്ടുണ്ടാകില്ല. എന്നാൽ അങ്ങനെയൊരു രാജി പ്രഖ്യാപനത്തിനാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിച്ചത്. ബോംബെ ഹൈക്കോടതിയിലാണ് നാടകീയ രംഗങ്ങളുണ്ടായത്. ജസ്റ്റിസ് രോഹിത് ദിയോ ആണ് രാജി പ്രഖ്യാപനം നടത്തിയത്. ഓപ്പൺ കോർട്ടിൽ വച്ചാണ് ജസ്റ്റിസ് രോഹിത് ദിയോ രാജി പ്രഖ്യാപനം നടത്തിയത്. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചിലായിരുന്നു സംഭവം.
ആത്മാഭിമാനമാണ് പ്രധാനമെന്നും ആത്മാഭിമാനത്തിനെതിരായി ജോലി ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞുകൊണ്ടാണ് ജഡ്ജി രാജി പ്രഖ്യാപനം നടത്തിയത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച അറസ്റ്റ് ചെയ്ത ജി എൻ സായിബാബയെ വെറുതെ വിട്ടതടക്കം സുപ്രധാന വിധികൾ പ്രസ്താവിച്ച ജഡ്ജിയാണ് രോഹിത് ദിയോ. രണ്ടുവർഷം കൂടി കാലാവധി ശേഷിക്കെയാണ് അദ്ദേഹം രാജി വച്ചത്.