ഡൊമിനിക് അരുൺ സംവിധാനം ചെയ്ത് ദുല്‍ഖറിന്റെ വേഫറര്‍ ഫിലിംസ് നിര്‍മിച്ച മലയാളത്തിലെ ആദ്യ വുമണ്‍ സൂപ്പര്‍ ഹീറോ ചിത്രമായ ലോക ചാപ്റ്റര്‍ 1: ചന്ദ്ര പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. ഫാന്റസി ഴോണറില്‍ എത്തിയ ചിത്രം ഓണം റിലീസായാണ് തിയേറ്റററില്‍ എത്തിയത്. സത്യൻ അന്തിക്കാട്-മോഹൻലാല്‍ കൂട്ടുകെട്ടില്‍ എത്തിയ ഹൃദയപൂര്‍വത്തിനും മികച്ച അഭിപ്രായമാണ് ഉള്ളത്.
വ്യാഴാഴ്ച ബോക്‌സ് ഓഫീസിൽ 2.7 കോടി രൂപയാണ് ലോക നേടിയത്. രണ്ടാം ദിവസം 3.75 കോടി രൂപയായിരുന്നു കളക്ഷൻ. അതേദിവസം രജനീകാന്തിന്റെ കൂലി 1.75 കോടിയും ഹൃത്വിക് റോഷൻ, ജൂനിയർ എൻ ടി ആർ എന്നീ താരങ്ങള്‍ പ്രധാന വേഷത്തില്‍ എത്തിയ വാര്‍ 2 വെറും 65 ലക്ഷം മാത്രമാണ് നേടിയത്.മോഹൻലാലിന്റെ ഹൃദയപൂർവം കളക്ഷനില്‍ ലോകക്ക് തൊട്ടുപിന്നാലെ ഉണ്ട്. ബോളിവുഡ് പരം സുന്ദരി മാത്രമാണ് കളക്ഷനില്‍ ലോകയെ മറികടന്നത്. വെള്ളിയാഴ്ച 7 കോടി രൂപയാണ് പരം സുന്ദരിയുടെ കളക്ഷൻ.
കൽക്കി 2898 എഡി, ബ്രഹ്മാസ്ത്ര തുടങ്ങിയ വലിയ സിനിമകളുമായാണ് സിനിമാ ആരാധകര്‍ ഇപ്പോള്‍ ലോകയെ താരതമ്യപ്പെടുത്തുന്നത്.