മേപ്പാടി: ചുളിക്ക ബോച്ചെ തൗസന്റ് ഏക്രയിലെ കള്ള്ഷാപ്പിനോടനുബന്ധിച്ചുള്ള റെസ്റ്റാറന്റ്, ഹബ്ബ്, എന്നിവ പ്രവർത്തിക്കുന്ന പുല്ലുമേഞ്ഞ ഷെഡ്ഡുകൾക്ക് തീപിടിച്ചു. അഞ്ചു ഷെഡുകളും ഫർണീച്ചറും സാധനങ്ങളും പൂർണമായും കത്തിനശിച്ചു. 50 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി നടത്തിപ്പുകാർ പറയുന്നു. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മണിയോടെയായിരുന്നു സംഭവം. കൽപറ്റയിൽനിന്ന് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി ഒന്നര മണിക്കൂറോളം പണിപ്പെട്ടാണ് തീയണച്ചത്. മേപ്പാടി പൊലീസും സ്ഥലത്തെത്തിയിരുന്നു.
അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്ന സ്ഥലച്ചെ ഗ്യാസ് സ്റ്റൗവിൽനിന്നാണ് തീ പടർന്നത്. പുല്ലും ഓലയും മേഞ്ഞ ഷെഡ്ഡുകളിലേക്ക് വേഗം തീ പടരുകയായിരുന്നു. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിക്കുകയും ചെയ്തു. തീപിടുത്തമുണ്ടായ ഉടനെ 25ഓളം വരുന്ന തൊഴിലാളികളെയും ഭക്ഷണം കഴിക്കാനെത്തിയവരെയുമെല്ലാം സ്ഥലത്തുനിന്ന് മാറ്റിയതിനാൽ വലിയ ദുരന്തമൊഴിവായി.
തൊട്ടടുത്ത കള്ള് ഷാപ്പ് കെട്ടിടത്തിലേക്കും പരിസരങ്ങളിലേക്കും തീ പടരുന്നത് തടയാനായി. ചുളിക്കതേയില ഫാക്ടറിക്കും എസ്റ്റേറ്റ് ക്വാർട്ടേഴ്സ്, പാടി ലൈൻ എന്നിവക്ക് അടുത്താണ് കള്ളുഷാപ്പ്, റെസ്റ്റാറന്റ്, ഹബ്ബ് എന്നിവയെല്ലാം പ്രവർത്തിക്കുന്നത്. ധാരാളം സഞ്ചാരികൾ എത്തുന്ന ഇവിടെ സുരക്ഷാ ക്രമീകരണങ്ങളില്ലാത്തത് ചർച്ചയായിട്ടുണ്ട്.