ബോട്ടിന് ഏകീകൃത രൂപമില്ല, കൂടുതൽപ്പേർ കയറുന്നു; നടപ്പാക്കാതെ കേന്ദ്ര ശുപാർശകൾ

news image
May 9, 2023, 2:33 am GMT+0000 payyolionline.in

ന്യൂഡൽഹി ∙ ബോട്ടുകളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട കാര്യങ്ങൾ രൂപപ്പെടുത്താനും നടപ്പാക്കാനും സംസ്ഥാനതലത്തിൽ സ്ഥാപനം വേണമെന്ന കേന്ദ്ര ശുപാർശയിൽ മിക്കയിടത്തും കാര്യമായ നടപടിയുണ്ടായില്ല. പരിധിയിലും കൂടുതൽ ആളുകളെ കയറ്റുന്നതാണ് ബോട്ടപകടങ്ങളുടെ പ്രധാന കാരണമെന്നും ബോട്ട് സുരക്ഷയുമായി ബന്ധപ്പെട്ട് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ (എൻഡിഎംഎ) മാർഗരേഖയിലുണ്ട്.

എത്രപേരെ കയറ്റാമെന്നത് റജിസ്ട്രേഷൻ സമയത്തു നിശ്ചയിക്കണം. പ്രതികൂല കാലാവസ്ഥയെങ്കിൽ യാത്രക്കാരുടെ എണ്ണം അനുവദനീയ പരിധിയുടെ മൂന്നിൽ രണ്ടാക്കണം. ബോട്ടുകളുടെ നിർമാണം മുതൽ രക്ഷാസംവിധാനം വരെയുള്ള കാര്യങ്ങൾക്കു സംസ്ഥാന സർക്കാരുകൾ പ്രത്യേകനചട്ടം തയാറാക്കണമെന്നും ശുപാർശയുണ്ട്. മാർഗരേഖയിൽ നിന്ന്:

∙ സുരക്ഷയും നിയമവശവും കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങളുടെ കുറവ് എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്. ഇക്കാര്യത്തിൽ സംസ്ഥാനതലത്തിൽ നടപടി വേണം.

∙ ജലഗതാഗതത്തിൽ ഉപയോഗിക്കുന്ന ബോട്ടുകളുടെ കാര്യത്തിൽ രാജ്യത്ത് ഏകീകൃത രൂപമില്ല. ഓരോയിടത്തെയും തനതു രീതിയും ശൈലിയും അനുസരിച്ചാണ് രൂപകൽപന. അതുകൊണ്ടു പൊതു സുരക്ഷിതത്വത്തിനു ഊന്നൽ കൊടുക്കേണ്ടതുണ്ട്.

∙ നാടൻ ബോട്ടുകളുടെ നിയന്ത്രണകാര്യത്തിൽ അതതിടങ്ങളിലെ പഞ്ചായത്തുകൾക്കു പ്രധാന ഉത്തരവാദിത്തം നൽകണം. ബന്ധപ്പെട്ട ചട്ടങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ പഞ്ചായത്തുകൾക്കു കൂടുതൽ ഫണ്ട് അനുവദിക്കണം.

∙ ഉൾനാടൻ ജലഗതാഗതവുമായി ബന്ധപ്പെട്ടു പ്രത്യേക വകുപ്പു രൂപീകരിക്കണം. ബോട്ടുകളുടെ സുരക്ഷയുടെ ചുമതല ഈ വകുപ്പിനായിരിക്കും. ഇതു സജ്ജമാകുംവരെ ജില്ലാ ഗതാഗത ഓഫിസിലെ ഏതാനും ജീവനക്കാരെ പ്രത്യേകം നിയോഗിക്കണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe