കൊച്ചി: നടി ഹണി റോസിന്‍റെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ ഇന്ന് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കും. പൊലീസ് കസ്റ്റഡിയപേക്ഷയും ഇതിനൊപ്പം നൽകും. ബോബിയുടെ ജാമ്യാപേക്ഷയും കോടതി പരിഗണിക്കും. ജാമ്യ ഹരജിയിൽ അഭിഭാഷകനായ ബി. രാമൻ പിള്ളയുടെ രാമൻപിള്ള അസോഷ്യേറ്റ്സാണ് ഹാജരാകുന്നത്.
താൻ കുറ്റം ചെയ്തിട്ടില്ലെന്നും പരാമർശങ്ങൾ ദുരുദ്ദേശ്യപരമായിരുന്നില്ലെന്നും പൊലീസിന്റെ ചോദ്യം ചെയ്യലിൽ ബോബി പറഞ്ഞു. അഭിമുഖങ്ങളിലടക്കം പങ്കുവച്ചത് പുരാണത്തിലെ കാര്യങ്ങളാണെന്നും അശ്ലീല പദപ്രയോഗങ്ങളെന്നതു തെറ്റിദ്ധാരണ മാത്രമെന്നും പൊലീസിനോടു പറഞ്ഞു. ബോബി ചെമ്മണൂരിൽ നിന്ന് കസ്റ്റഡിയിലെടുത്ത മൊബൈൽ ഫോണും പൊലീസ് കോടതിയിൽ ഹാജരാക്കും.
എറണാകുളം സെൻട്രൽ പൊലീസ് ഇന്നലെ രാവിലെയാണ് വയനാട് മേപ്പാടിയിലെ എസ്റ്റേറ്റിൽനിന്ന് ബോബിയെ കസ്റ്റഡിയിലെടുത്തത്. രാത്രി 7.20ഓടെ കൊച്ചിയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. ഇന്നലെ സ്റ്റേഷനിൽ വിശദമായ ചോദ്യം ചെയ്യലിന് വിധേയനാക്കി.
വയനാട് മേപ്പാടി കള്ളാടിക്കടുത്തുള്ള ‘ബോചെ ആയിരമേക്കർ’ എസ്റ്റേറ്റിൽനിന്നു പുറത്തേക്കു വരുമ്പോൾ ബോബിയുടെ വാഹനം വളഞ്ഞ് എറണാകുളം സെൻട്രൽ പൊലീസും വയനാട് എസ്.പിയുടെ പ്രത്യേക സംഘവും ചേർന്നാണ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് പുത്തൂർവയൽ എ.ആർ ക്യാമ്പിലെത്തിച്ചശേഷം കൊച്ചിയിലേക്ക് പുറപ്പെട്ടു. സെൻട്രൽ പൊലീസ് സ്റ്റേഷനിലെത്തിച്ച ഇയാളെ വിശദമായി ചോദ്യം ചെയ്ത് വൈദ്യപരിശോധനക്കുശേഷം അറസ്റ്റ് രേഖപ്പെടുത്തി.
ചൊവ്വാഴ്ച ഹണി റോസ് പരാതി നൽകിയ ഉടൻ ബോബിക്കെതിരെ കേസെടുത്ത് നടപടികൾ ആരംഭിച്ചിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതിന് ഭാരതീയ ന്യായസംഹിതയിലെ 75ാം വകുപ്പ്, ഇലക്ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തുന്നതിന് ഐ.ടി ആക്ടിലെ 67ാം വകുപ്പ് എന്നിവ പ്രകാരമാണ് കേസെടുത്തത്. തുടർന്ന് ബോബി വയനാട്ടിലുണ്ടെന്ന് മനസ്സിലാക്കി ഉദ്യോഗസ്ഥർ ചൊവ്വാഴ്ച രാത്രിതന്നെ അവിടേക്ക് തിരിച്ചു. ഇതിനിടെ, ഹണി റോസ് മുഖ്യമന്ത്രി പിണറായി വിജയനോടും പരാതി സംബന്ധിച്ച് സംസാരിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷക്കും ഒളിവിൽ പോകാനും അവസരം ലഭിക്കാതിരിക്കാൻ അതിവേഗത്തിലായിരുന്നു പൊലീസ് നടപടികൾ.
പ്രത്യേക അന്വേഷണസംഘത്തലവൻ സെൻട്രൽ എ.സി.പി കെ. ജയകുമാർ, എസ്.എച്ച്.ഒ അനീഷ് ജോയ് തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രാഥമിക ചോദ്യം ചെയ്യലും നടന്നു. ബോബിയുടെ ഫോൺ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഹണി റോസിന്‍റെ മൊഴി പൊലീസ് രേഖപ്പെടുത്തി. എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മുമ്പാകെ രണ്ട് മണിക്കൂറോളം രഹസ്യമൊഴി നൽകിയിട്ടുണ്ട്. ഇതിൽ നിർണായക വിവരങ്ങൾ ഉണ്ടെങ്കിൽ ബോബിക്കെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും. ദ്വയാർഥ പ്രയോഗത്തിലൂടെ ഒരാൾ അപമാനിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ഞായറാഴ്ചയാണ് ബോബി ചെമ്മണൂരിന്‍റെ പേര് വെളിപ്പെടുത്താതെ ഹണി റോസ് രംഗത്തെത്തിയത്.