ബോര്‍ഡ് പരീക്ഷകൾ ഇനി വര്‍ഷത്തില്‍ 2 തവണ; പ്ലസ് വണ്‍ മുതല്‍ 2 ഭാഷകൾ

news image
Aug 23, 2023, 1:59 pm GMT+0000 payyolionline.in

ന്യൂഡൽഹി ∙ രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ. ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ നടത്തണമെന്നാണു നിർദേശം. പുതിയ വിദ്യാഭ്യാസ നയം അനുസരിച്ചുള്ള പാഠ്യപദ്ധതിയിലാണു മാറ്റങ്ങൾ.

ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ നടത്തണമെന്നും ഇവയില്‍ ഉയര്‍ന്ന സ്‌കോര്‍ ഏതിനാണോ അതു നിലനിര്‍ത്താന്‍ വിദ്യാര്‍ഥികളെ അനുവദിക്കണമെന്നും പുതിയ പാഠ്യപദ്ധതി ചട്ടക്കൂടില്‍ പറയുന്നതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഓര്‍മയെയും മാസങ്ങളായുള്ള പരിശീലനത്തെയും വിലയിരുത്തുന്നതാവരുത് ബോർഡ് പരീക്ഷകൾ. വിദ്യാർഥിയുടെ ധാരണയെയാണ് അളക്കേണ്ടതെന്നും പറയുന്നു.

വിദ്യാര്‍ഥികള്‍ക്കു മികച്ച പ്രകടനത്തിന് അവസരമൊരുക്കാനാണു ബോര്‍ഡ് പരീക്ഷ 2 തവണ നടത്തുന്നതെന്നാണു  കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിശദീകരണം. 11, 12 ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ രണ്ടു ഭാഷ പഠിക്കണം. ഇതില്‍ ഒരെണ്ണം ഇന്ത്യന്‍ ഭാഷയായിരിക്കണം എന്നതു നിർബന്ധമാണ്. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകളിൽ കൂടുതൽ വിഷയങ്ങൾ തിരഞ്ഞെടുക്കാനും അവസരമുണ്ടാകും. അടുത്ത അധ്യയന വര്‍ഷം പാഠപുസ്തകങ്ങള്‍ പരിഷ്‌കരിക്കും. ക്ലാസ് മുറികളിൽ പാഠപുസ്തം മുഴുവനും ‘കവർ’ ചെയ്യുന്ന പതിവ് അവസാനിപ്പിക്കണമെന്നും നിർദേശമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe