ബ്രഷ് നിറയെ പേസ്റ്റ് വേണോ ? അളവറിഞ്ഞ് പേസ്‌റ്റെടുത്തില്ലെങ്കില്‍ പല്ലിനും വായിനും പണി ഉണ്ടാക്കും

news image
Feb 22, 2025, 9:09 am GMT+0000 payyolionline.in

രാവിലെ ഉറക്കമുണര്‍ന്നതിന് ശേഷവും രാത്രി കിടക്കുന്നതിനു മുന്‍പും പല്ല് തേയ്ക്കുന്നത് ചിട്ടയായ ജീവിത ശൈലിയുടെ ഭാഗമാണ്. നന്നായി പല്ല് തേയ്ക്കുന്നത് പല്ലുകളുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതവുമാണ്. എന്നാല്‍ അതിനായി ബ്രഷ് നിറച്ച് ടൂത്ത് പേസ്റ്റ് എടുക്കുന്നത് പലരുടെയും രീതിയാണ്. കൂടുതല്‍ പേസ്റ്റ് ഉപയോഗിച്ചാല്‍ കൂടുതല്‍ വെളുക്കും എന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഈ ശീലം പല്ലിന്റെ ഇനാമലിനെ പോലും ദോഷകരമായി ബാധിക്കും എന്നാണ് ദന്തവിദഗ്ധര്‍ പറയുന്നത്.

 

പല്ല് തേയ്ക്കാന്‍ എടുക്കുന്ന ടൂത്ത് പേസ്റ്റിന്റെ അളവ് അറിഞ്ഞിരിക്കേണ്ടത് ആരോഗ്യത്തിന് അനിവാര്യമാണ്. കാരണം പേസ്റ്റ് എന്നത് കൃത്രിമ ചേരുവകള്‍ അടങ്ങിയിട്ടുള്ള വസ്തുവാണ്. അതിനാല്‍ പേസ്റ്റ് ഉപയോഗിക്കുമ്പോള്‍ ജാഗ്രത വേണം. അമിതമായ അളവില്‍ പേസ്റ്റ് എടുക്കാതെ എങ്ങനെ നന്നായി പല്ലു തേയ്ക്കാം എന്നാണ് അറിയേണ്ടത്.

ദിവസവും രണ്ടു നേരം പല്ല് തേയ്ക്കുന്നത് പല്ലുകളെയും മോണകളെയും ആരോഗ്യത്തിന് നല്ലതാണ്. ഭക്ഷണത്തിന്റെ അവശിഷ്ടങ്ങള്‍ പല്ലില്‍ പറ്റിപ്പിടിച്ചിരുന്ന് വായില്‍ ബാക്ടീരിയ വളരുന്നത് തടയാണ് പല്ല് തേയ്ക്കുന്നത്. എന്നാല്‍ ഇതിനായി കൂടുതല്‍ ടൂത്ത് പേസ്റ്റ് എടുത്ത് ഏറെ നേരം പല്ലില്‍ ഉരച്ച് തേയ്‌ക്കേണ്ട ആവശ്യമില്ല. ബ്രഷില്‍ ഒരു പയറുമണിയുടെ വലിപ്പത്തില്‍ മാത്രം പേസ്റ്റ് എടുക്കുക. പല്ല് നന്നായി വൃത്തിയാക്കാന്‍ ഈ അളവ് മതിയാകും. കുട്ടികള്‍ക്ക് പല്ല് തേയ്ക്കാന്‍ പേസ്റ്റ് നല്‍കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. അവര്‍ക്ക് ചെറിയ അളവില്‍ മാത്രമേ ടൂത്ത് പേസ്റ്റ് നല്‍കാവൂ. എന്തും അധികമായി ഉപയോഗിക്കുന്നത് ദോഷകരമാണ്. ഇത് പേസ്റ്റിന്റെ കാര്യത്തിലും ബാധകമാണ്. അധികമായി ടൂത്ത് പേസ്റ്റ് ഉപയോഗിച്ചാല്‍ അതു പല്ലുകളുടെയും മോണകളുടെയും ആരോഗ്യത്തിന് ഹാനികരമാണ്. നിരവധി നിറങ്ങളിലും ഇന്ന് പേസ്റ്റുകള്‍ ലഭിക്കും. എന്നാല്‍ നിറങ്ങള്‍ക്കു പിന്നാലെ പോകാതെ വെള്ള നിറത്തിലുള്ള ടൂത്ത് പേസ്റ്റ് ഉപയോഗിക്കുന്നതാണ് നല്ലത്. പേസ്റ്റ് കൂടുതല്‍ സമയം വായിലിട്ട് കുലുക്കുന്നതും നല്ലതല്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe