ബ്രസീലിൽ കലാപം; പാർലമെന്‍റും സുപ്രീംകോടതിയും ആക്രമിച്ച് ബൊൽസൊനാരോയുടെ അനുയായികൾ

news image
Jan 9, 2023, 4:31 am GMT+0000 payyolionline.in

ബ്രസീലിയ: ബ്രസീലിൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട മുൻ പ്രസിഡന്‍റ് ജെയ്ർ ബൊൽസൊനാരോയുടെ അനുയായികൾ അഴിഞ്ഞാടി. പാർലമെന്‍റിലും പ്രസിഡന്‍റിന്‍റെ വസതിയിലും സുപ്രീംകോടതിയിലും അതിക്രമിച്ച് കടന്ന് ആക്രമണം നടത്തിയ ബൊൽസൊനാരോ അനുയായികൾ കലാപസമാനമായ രംഗങ്ങൾ സൃഷ്ടിച്ചു. സംഭവത്തെ പ്രസിഡന്‍റ് ലുല ഡ സിൽവ ശക്തമായി അപലപിച്ചു.രണ്ട് വർഷം മുൻപ് അമേരിക്കയിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് പിന്നാലെ ട്രംപ് അനുകൂലികൾ നടത്തിയ ക്യാപിറ്റോൾ ആക്രമണത്തിന് സമാനമായിരുന്നു ബ്രസീലിലും സംഭവിച്ചത്. ട്രംപുമായി ഏറെ അടുത്ത നേതാവ് കൂടിയാണ് ജെയ്ർ ബൊൽസൊനാരോ.

ബൊൽസൊനാരോയെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയ ഇടത് നേതാവ് ലുല ഡ സിൽവ എട്ട് ദിവസം മുമ്പാണ് അധികാരമേറ്റത്. തെരഞ്ഞെടുപ്പിൽ ക്രമക്കേട് നടന്നെന്നും ലുല ഡ സിൽവയുടെ വിജയം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ബൊൽസൊനാരോ അനുയായികളുടെ കലാപം. പട്ടാളം ഇടപെടണമെന്നും കലാപകാരികൾ ആവശ്യപ്പെടുന്നു.

ബ്രസീൽ പതാകയുടെ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ച് ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. അക്രമികളെ നേരിടാനായി സൈന്യം രംഗത്തിറങ്ങി. തലസ്ഥാനമായ ബ്രസീലിയയിൽ പലയിടങ്ങളിലായി ബൊൽസൊനാരോ അനുയായികൾ തമ്പടിച്ചിരിക്കുകയാണ്. അതേസമയം, തെരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ രാജ്യം വിട്ട ബോൾസൊനാരോ നിലവിൽ അമേരിക്കയിലെ ഫ്ലോറിഡയിലാണുള്ളത് എന്നാണ് വിവരം.

ഫാഷിസ്റ്റ് രീതിയിലുള്ള ആക്രമണമാണ് നടന്നതെന്ന് പ്രസിഡന്‍റ് ലുല ഡ സിൽവ പറഞ്ഞു. അക്രമം നടത്തിയവരെയെല്ലാം കണ്ടെത്തുമെന്നും എന്തു വില കൊടുത്തും സമാധാനാവസ്ഥ തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe