കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്രശ്നത്തിൽ ഇടപെടലുമായി ഹൈക്കോടതി. പട്ടാളപുഴുവിനെ ഉപയോഗിച്ചുള്ള പ്ലാന്റിന് കോർപ്പറേഷൻ കൌൺസിൽ ചേർന്ന് വേഗത്തിൽ അനുമതി നൽകണമെന്ന് ഹൈക്കേടതി നിർദ്ദേശം നൽകി. ബ്രഹ്മപുരത്തെ കെട്ടികിടക്കുന്ന മാലിന്യം സംസ്കരിക്കുന്നതിനായി വിളിച്ച പുതിയ ടെൻഡർ നടപടികൾ വേഗത്തിലാക്കാനും അതിൻറെ പുരോഗതി സംബന്ധിച്ചുള്ള റിപ്പോർട്ട് കോർപ്പറേഷൻ കോടതിക്ക് സമർപ്പിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
ബ്രഹ്മപുരത്തെ ജലാശയങ്ങളിലെ സാമ്പിളുകൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡിനോടും കോടതി നിർദ്ദേശിച്ചു. ഹർജി രണ്ടാഴ്ച കഴിഞ്ഞ് ആഗസ്റ്റ് പതിനെട്ടിനാണ് ഹർജി വീണ്ടും പരിഗണിക്കുക. ഹർജി വീണ്ടും പരിഗണിക്കുന്നതിന് മുൻപ് തന്നെ റിപ്പോർട്ട് നൽകണമെന്നും കോടതി നിർദ്ദേശം വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തെ കൊച്ചി കോർപ്പറേഷൻ സ്വകാര്യ കമ്പനികളുമായി സഹകരിച്ച് അമ്പത് ടൺ ശേഷിയുള്ള രണ്ട് പട്ടാളപ്പുഴു പ്ലാന്റുകൾ സ്ഥാപിക്കാൻ തീരുമാനമെടുത്തിരുന്നു. ജൈവമാലിന്യത്തിൽ പട്ടാളപ്പുഴുക്കളുടെ മുട്ടകൾ നിക്ഷേപിച്ച് വിരിയിച്ച് ലാർവകളാക്കി മാറ്റും. ലാർവകൾ വലിയ തോതിൽ ജൈവമാലിന്യം അകത്താക്കും. ഈ ലാർവകൾ പുറത്തുവിടുന്ന മാലിന്യം കമ്പോസ്റ്റ് വളമാക്കി മാറ്റാം. ലാർവകൾ ഈച്ചയായി മാറി മുട്ടയിട്ട് പെരുകും. ആൺ ഈച്ചകൾ ഇണ ചേരുന്നതോടെയും പെൺ ഈച്ചകൾ മുട്ടയിടുന്നതോടെയും ചത്തുപോകും. ലാർവകൾ പ്യൂപ്പകളായി മാറിക്കഴിഞ്ഞാൽ അവയെ കോഴികൾക്കും പന്നികൾക്കും തീറ്റയായി ഉപയോഗിക്കാമെന്നതാണ് ഇതിൻറെ പ്രത്യേകത.
ഹൈക്കോടിയുടെ പുതിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിൻറെ നേതൃത്വത്തിൽ ഉള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്. തദ്ദേശ സെക്രട്ടറി, കോർപ്പറേഷൻ സെക്രട്ടറി, കളക്ടർ എന്നിവർ കോടതിയിൽ നേരിട്ട് ഹാജരായിരുന്നു.