ബ്രിക്സ് ഉച്ചകോടിക്കായി മോദി കസാനിൽ; ഷി ജിൻപിങുമായി കൂടിക്കാഴ്ച നടത്തിയേക്കും

news image
Oct 22, 2024, 1:35 pm GMT+0000 payyolionline.in

കസാൻ: ബ്രിക്സ് ഉച്ചകോടിക്കായി റഷ്യയിലെ കസാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങുമായി ചർച്ച നടത്തിയേക്കും. എല്ലാ ബ്രിക്സ് നേതാക്കളുമായും ചർച്ച നടത്തുമെന്ന് പ്രധാനമന്ത്രി യാത്ര തിരിക്കുന്നതിനു മുമ്പുള്ള പ്രസ്താവനയിൽ സൂചിപ്പിച്ചു. റഷ്യയിൽ ഇന്ത്യൻ സമൂഹവും മോദിക്ക് വരവേൽപ്പ് നൽകി. നിയന്ത്രണരേഖയിലെ സേന പിൻമാറ്റം, പട്രോളിംഗ് എന്നിവയിൽ ഇന്നലെ ധാരണയിലെത്തിയതായി ഇന്ത്യയും ചൈനയും പ്രഖ്യാപിച്ചിരുന്നു. മാസത്തിൽ രണ്ടു തവണ പതിനഞ്ച് സൈനികർ അടങ്ങുന്ന സംഘത്തിന് പട്രോളിംഗ് നടത്താമെന്നാണ് ഇരു രാജ്യങ്ങൾക്കുമിടയിലെ ധാരണ.

ശൈത്യകാലത്ത് സൈന്യത്തിന്റെ സാന്നിധ്യം കുറയ്ക്കും. നരേന്ദ്ര മോദി – ഷി ജിൻപിങ് കൂടിക്കാഴ്ച നടന്നാൽ തുടർ നടപടികൾ ചർച്ചയാകും. രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി റഷ്യയിലെ കസാനിൽ എത്തിയത്. ബ്രിക്‌സിൻ്റെ (ബ്രസീൽ-റഷ്യ-ഇന്ത്യ-ചൈന-ദക്ഷിണാഫ്രിക്ക) ഗ്രൂപ്പിംഗിൻ്റെ 16-ാമത് ഉച്ചകോടിക്കാണ് കസാൻ വേദിയാകുന്നത്. റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിനുമായുള്ള മോദി ഉഭയകക്ഷി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെയുള്ള രണ്ട് റഷ്യൻ സന്ദർശനങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദമാണ് പ്രതിഫലിപ്പിക്കുന്നതെന്ന് മോദി പറഞ്ഞു.

ജൂലൈയിൽ മോസ്കോയിൽ നടന്ന വാർഷിക ഉച്ചകോടി എല്ലാ മേഖലകളിലുമുള്ള ഇന്ത്യ – റഷ്യ സഹകരണം ശക്തിപ്പെടുത്തി.15 വർഷത്തിനുള്ളിൽ ബ്രിക്സ് അതിൻ്റെ പ്രത്യേക ഐഡൻ്റിറ്റി സൃഷ്ടിച്ചു. ഇപ്പോൾ ലോകത്തിലെ പല രാജ്യങ്ങളും അതിൽ ചേരാൻ ആഗ്രഹിക്കുന്നുണ്ട്. റഷ്യയും യുക്രൈനും തമ്മിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിൽ നിരന്തരം ബന്ധപ്പെട്ടിരുന്നു. പ്രശ്നങ്ങൾ സമാധാനപരമായ രീതിയിൽ പരിഹരിക്കപ്പെടണമെന്നാണ് ആ​ഗ്രഹമെന്നും മോദി പ്രതികരിച്ചു. മാനവികതയ്ക്കാണ് ഇന്ത്യ മുൻഗണന നൽകുന്നത്. വരും കാലങ്ങളിൽ സാധ്യമായ എല്ലാ സഹകരണവും നൽകാൻ ഇന്ത്യ തയാറാണെന്നും മോദി കൂട്ടിച്ചേർത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe