ന്യൂഡൽഹി: ബി.ജെ.പി എംപി ബ്രിജ് ഭൂഷന്‍ സിങിനെതിരായ പീഡന പരാതിയിൽ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങൾക്ക് 1983ല്‍ ക്രിക്കറ്റ് ലോകകപ്പ് നേടിയ താരങ്ങളുടെ പിന്തുണ. ഗുസ്‌തി താരങ്ങളെ തെരുവിലൂടെ വലിച്ചിഴച്ചത് വിഷമകരവും, അസ്വസ്ഥതാജനകവുമാണ്. മെഡൽ ഗംഗയിൽ ഒഴുക്കാനുള്ള നീക്കം പോലുള്ള കടുത്ത നടപടികളിലേക്ക് താരങ്ങള്‍ പോകരുത് എന്നും ഇതിഹാസ താരങ്ങള്‍ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. നാളുകളായി പ്രതിഷേധത്തിലുള്ള വനിതകള്‍ ഉള്‍പ്പടെയുള്ള ഗുസ്‌തി താരങ്ങളുടെ സമരം ക്രിക്കറ്റര്‍മാര്‍ കണ്ടെന്ന് നടിക്കുന്നില്ല എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് കപില്‍ ദേവും സംഘവും പിന്തുണയുമായി രംഗത്തെത്തിയത്.
‘ഞങ്ങളുടെ ചാമ്പ്യന്മാരായ ഗുസ്തിക്കാർ ക്രൂരമായി മർദ്ദിക്കപ്പെടുന്നതിന്റെ ദൃശ്യങ്ങൾ ഏറെ വിഷമകരവും, അസ്വസ്ഥതാജനകവുമാണ്. താരങ്ങൾ കഠിനാധ്വാനം ചെയ്ത് നേടിയെടുത്ത മെഡലുകൾ ഗംഗയിൽ ഒഴുക്കുമെന്ന് പറയുന്നത് ഏറെ വിഷമമുണ്ടാക്കുന്നതാണ്. വർഷങ്ങളുടെ കഠിനാധ്വാനത്തിന്റേയും ത്യാഗങ്ങളുടേയും ഫലമാണ് ആ മെഡലുകൾ. ആ മെഡലുകൾ രാജ്യത്തിന്റെ അഭിമാനവും സന്തോഷവുമാണ്. ഈ വിഷയത്തിൽ തിടുക്കപ്പെട്ട് ഒരു തീരുമാനവും എടുക്കരുതെന്ന് ഞങ്ങൾ അവരോട് അഭ്യർത്ഥിക്കുന്നു. അധികാരികൾ താരങ്ങളുടെ പരാതികൾ കേൾക്കുകയും വേഗത്തിൽ പരിഹരിക്കുകയും ചെയ്യണമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥ നമ്മുക്ക് ഉയർത്തിപ്പിടിക്കാം’-കുറിപ്പിൽ താരങ്ങൾ പറഞ്ഞു.
നിലവിലെ ബി.സി.സി.ഐ പ്രസിഡന്‍റ് റോജര്‍ ബിന്നി, സുനില്‍ ഗാവസ്‌കര്‍, കപില്‍ ദേവ്, മൊഹീന്ദര്‍ അമര്‍നാഥ്, കെ ശ്രീകാന്ത്, സയ്യിദ് കിര്‍മാനി, യഷ്‌പാല്‍ ശര്‍മ്മ, മദന്‍ ലാല്‍, ബല്‍വീന്ദര്‍ സിംഗ് സന്ധു, സന്ദീപ് പാട്ടീല്‍, കിര്‍ത്തീ അസാദ് എന്നിവരാണ് 1983ലെ ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ ഫൈനല്‍ കളിച്ച താരങ്ങള്‍.
കഴിഞ്ഞ ജനുവരി 18നാണ് ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി ഗുസ്തി താരങ്ങള്‍ രംഗത്തെത്തിയത്. ഫെഡറേഷൻ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങള്‍ ഉയർത്തിയത്. മൂന്ന് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ താരങ്ങളുടെ പരാതി അന്വേഷിക്കാൻ കായിക മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. മേരി കോം അധ്യക്ഷയായ ആറംഗസമിതിയാണ് ഇവരുടെ പരാതികൾ അന്വേഷിക്കുന്നത്. വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടികള്‍ ഉണ്ടാവാതെ വന്നതോടെ താരങ്ങള്‍ വീണ്ടും പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. വിനേഷ് ഫോഗട്ട്, സാക്‌ഷി മാലിക്, ബജ്‌റംഗ് പൂനിയ തുടങ്ങിയ മുന്‍നിര താരങ്ങള്‍ ഉള്‍പ്പടെയാണ് ബ്രിജ് ഭൂഷനെതിരെ പ്രതിഷേധവുമായി രംഗത്തുള്ളത്.
മെയ് 28ന് ഡൽഹിയിലെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്കുള്ള മാര്‍ച്ചിനിടെ ഇവരെ പൊലീസ് വലിച്ചിഴച്ചിരുന്നു. ഇതിന് ശേഷമാണ് മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ സാക്ഷി മാലിക് ഉള്‍പ്പടെയുള്ള ഗുസ്‌തി താരങ്ങള്‍ ഹരിദ്വാറിലേക്ക് നീങ്ങിയത്. കര്‍ഷക നേതാക്കളുടെ ചര്‍ച്ചയെ തുടര്‍ന്നാണ് താരങ്ങള്‍ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്‍വാങ്ങിയത്. താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോടതി നിര്‍ദേശത്താലാണ് പരാതിയിന്‍മേല്‍ കേസ് എടുക്കാന്‍ ഡൽഹി പൊലീസ് തയ്യാറായത്.