ഭക്ഷ്യക്കിറ്റിൽ പുഴുക്കളെ കണ്ടെത്തിയ സംഭവം; ഡിഎംഒയോട് കളക്ടർ വിശദീകരണം തേടിയെന്ന് മന്ത്രി കെ രാജൻ

news image
Nov 9, 2024, 9:17 am GMT+0000 payyolionline.in

കൽപറ്റ: ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് നൽകിയ അരിയിൽ പുഴുവിനെ കണ്ടെത്തിയ സംഭവത്തിൽ ഡിഎംഒയോട് കളക്ടർ വിശദീകരണം തേടിയിട്ടുണ്ടെന്ന് മന്ത്രി കെ രാജൻ. ഓരോ പഞ്ചായത്തിലും റവന്യു വകുപ്പ് നൽകിയ അരിയുടെ കണക്കുണ്ടെന്നും ആ അരിയിൽ യാതൊരു വിധ പ്രശ്നവും ഉണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. മേപ്പാടി പഞ്ചായത്തിനൊപ്പം അരി വിതരണം ചെയ്ത മറ്റു പഞ്ചായത്തുകളിൽ ഒരു പ്രശ്നവുമില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2 മാസം മുമ്പ് കിട്ടിയ വസ്തുക്കളിലാണ് പ്രശ്‌നമെന്നാണ് പുതിയ വാദം. എന്ത് കൊണ്ട് രണ്ട് മാസമായിട്ട് ഈ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തില്ലെന്ന് ചോദിച്ച മന്ത്രി തെരഞ്ഞെടുപ്പ് വരാൻ കാത്തു വെച്ചത് ആണോയെന്നും കൂട്ടിച്ചേർത്തു.

 

സെപ്റ്റംബറിൽ നൽകിയ ഭക്ഷ്യ വസ്തുക്കൾ മറ്റിടങ്ങളിൽ വിതരണം ചെയ്ത് കഴിഞ്ഞിട്ടുണ്ട്. മുഖം പതിപ്പിച്ച കിറ്റുകൾ എങ്ങനെ വന്നുവെന്നും കെ രാജൻ ചോദിച്ചു. മേപ്പാടി ദുരന്തബാധിതരെ ഇനിയും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുത്. ഏതെങ്കിലും ഏജൻസികൾ നൽകിയ ഭക്ഷ്യ വസ്തുക്കൾ ആണെങ്കിൽ എന്ത് കൊണ്ട് ഇതുവരെയും വിതരണം ചെയ്തില്ലയെന്നും മന്ത്രി ചോദിച്ചു, തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഈ വിവാദം കെട്ടടങ്ങുമെന്നാണ് കരുതുന്നതെന്നും മന്ത്രി കെ രാജൻ അഭിപ്രായപ്പെട്ടു.

മേപ്പാടി കുന്നംമ്പറ്റയിലെ 5 കുടുംബങ്ങൾക്ക് കിട്ടിയ കിറ്റിലാണ് പുഴുക്കൾ കണ്ടെത്തിയത്. പഞ്ചായത്ത് വിതരണം ചെയ്ത കിറ്റിലെ അരി, ആട്ട, റവ തുടങ്ങിയ പലതും കട്ട പിടിച്ചും പുഴുവരിച്ച നിലയിലുമായിരുന്നു. യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്ത് വിതരണം ചെയ്ത കിറ്റിനെതിരെയാണ് പരാതി ഉയര്‍ന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്നലെ പഞ്ചായത്തിലേക്ക് നടത്തിയ പ്രതിഷേധം സംഘർഷത്തിലാണ് കലാശിച്ചത്.

പഞ്ചായത്തിലെ മേശയും ബെഞ്ചും ഉൾപ്പെടെയുള്ള പ്രവർത്തകർ എടുത്തെറിഞ്ഞു. ഭക്ഷ്യ കിറ്റ്  ലഭിച്ചത് റവന്യൂ സന്നദ്ധ സംഘടനകളിൽ നിന്നെന്നാണ് പഞ്ചായത്തിന്‍റെ വിശദീകരണം. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാണ് കിറ്റുകൾ വിതരണം ചെയ്തതെന്നാണ് ഡിവൈഎഫ്ഐ ആരോപിക്കുന്നത്. എന്നാല്‍, ചില കിറ്റുകളിൽ മാത്രം പുഴു വന്നത് ഗൂഢാലോചന ആണെന്ന് യുഡിഎഫും ആരോപിക്കുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe