തൃശൂർ: നാടിനെ നടുക്കിയ വെടിക്കെട്ട് അപകടം നടക്കുന്നതിന് തൊട്ടുമുൻപ് മുണ്ടത്തിക്കോട് പടക്ക നിർമ്മാണശാലയിൽ ജോലിയിൽ മുഴുകിയിരുന്നവരുടെ ദൃശ്യങ്ങൾ വിങ്ങലാകുന്നു. അപകടം നടക്കുന്നതിന് ഒരു മണിക്കൂർ മുൻപ് ഈ കേന്ദ്രത്തിലെത്തിയവർ കണ്ടത് അതീവ ജാഗ്രതയോടെയും എന്നാൽ വലിയ ആവേശത്തോടെയും ജോലി ചെയ്യുന്ന ഒരു വലിയ സംഘത്തെയായിരുന്നു.
വനിതകളും വയോധികരും യുവാക്കളുമടങ്ങുന്ന വലിയൊരു നിര തൃശൂർ പൂരത്തിനായുള്ള വെടിക്കെട്ട് ഒരുക്കുന്നതിൽ സജീവമായിരുന്നു. പടക്ക നിർമ്മാണശാലയ്ക്ക് മുന്നിൽ ‘അപകടമേഖല നോ എൻട്രി’ എന്ന ബോർഡ് തൂക്കി അതീവ സുരക്ഷാ മുൻകരുതലുകളോടെയായിരുന്നു നിർമ്മാണം. 52 വർഷമായി താൻ ഈ മേഖലയിൽ ജോലി ചെയ്യുന്നുവെന്നും പൂരത്തിനോടുള്ള ആവേശമാണ് ഇവിടെ എത്തിക്കുന്നതെന്നും സംഘത്തിലെ ഒരു വയോധിക പറയുന്നു.
സിനിമാ മേക്കപ്പ് ആർട്ടിസ്റ്റുകൾ മുതൽ ബസ് കണ്ടക്ടർമാർ വരെ ഈ സംഘത്തിലുണ്ടായിരുന്നു. “ഇതൊരു പൂതിയാണ്, വിശ്വാസമാണ്. അതുകൊണ്ട് തന്നെ ഭയമില്ല,” എന്നായിരുന്നു ജോലിയിൽ മുഴുകിയിരുന്ന ബസ് കണ്ടക്ടർ കണ്ണന്റെ വാക്കുകൾ. വർഷം മുഴുവൻ മറ്റ് ജോലികൾ ചെയ്യുന്ന പലരും തൃശൂർ പൂരം അടുക്കുമ്പോൾ മാത്രം ആവേശത്തോടെ ഇത്തരം വെടിക്കെട്ട് പുരകളിലേക്ക് എത്താറുണ്ട്.
അപകടം പതിയിരിക്കുന്നുണ്ടെന്ന് അറിയാതെ വെടിക്കെട്ടിനെപ്പറ്റി വാചാലരായ ഈ മനുഷ്യരുടെ ദൃശ്യങ്ങൾ ഇപ്പോൾ നോവാകുകയാണ്. അമിട്ടുകളും ഗുണ്ടുകളും നിറയ്ക്കുന്ന തിരക്കിലായിരുന്ന പലരും സ്ഫോടനത്തിൽ തിരിച്ചറിയാൻ കഴിയാത്ത വിധം വെന്തുരുകിയെന്നത് ദുരന്തത്തിന്റെ വ്യാപ്തി വർധിപ്പിക്കുന്നു.
