‘ഭരണയന്ത്രം തുരുമ്പിച്ചു’:’തോമസ് ഐസക്കിന്‍റെ താത്വിക വിശകലനം പിണറായി വിജയനു നേരെയുള്ള ഒളിയമ്പാണ് ‘

news image
Sep 5, 2023, 5:15 am GMT+0000 payyolionline.in

തിരുവനന്തപുരം: ഭരണയന്ത്രം തുരുമ്പിച്ചിരിക്കുന്നുവെന്ന തോമസ് ഐസക്കിന്‍റെ  താത്വിക വിശകലനം മുഖ്യമന്ത്രി പിണറായി വിജയനു നേരെയുള്ള ഒളിയമ്പാണെന്ന് ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.ആഭ്യന്തരമന്ത്രിയെന്ന നിലയിലുള്ള കോടിയേരിയുടെ നേട്ടങ്ങളെ പുകഴ്ത്തുക വഴി പിണറായിയുടെ ഏഴര വർഷത്തെ പോലീസ് ഭരണത്തെ ഐസക്ക് ഇകഴ്ത്തുകയാണ്.വൻകിട പദ്ധതികൾ ഇഴഞ്ഞുനീങ്ങുന്നുവെന്ന്  ആക്ഷേപിക്കുന്ന ഐസക്ക് അതിന്റെ കാരണം സാമ്പത്തിക പ്രതിസന്ധിയും മന്ത്രിമാരുടെയും ഉദ്യോഗസ്ഥ സംവിധാനത്തിന്റെയും കെടുകാര്യസ്ഥതയാണെന്ന കാര്യം തുറന്നു പറയുന്നില്ലെന്നു മാത്രം.

 

സേവന നിലവാരത്തിൽ പരാതികളേറെയാണെന്ന് പറയുന്ന ഐസക്ക് പരോക്ഷമായി വിമർശിക്കുന്നത് വിദ്യാഭ്യാസ – ആരോഗ്യ – ടൂറിസം – ഐ ടി മേഖലയിലെ കുത്തഴിഞ്ഞ അവസ്ഥയെയാണ്.കേരളത്തിൽ സ്വകാര്യ നിക്ഷേപം വൻ തോതിൽ വരുന്നില്ലെന്ന് വിലപിക്കുന്ന ഐസക്, സംരംഭകർ ചുവന്ന കൊടിയെയാണ് ഇപ്പോഴും ഭയക്കുന്നതെന്ന കാര്യം മറച്ചുവെയ്ക്കുന്നു. സി ഐ ടി യുവിന്‍റെ  വെട്ടിനിരത്തൽ സമരം മുതലാണ് കാർഷിക മേഖലയിൽ മുരടിപ്പുണ്ടായത്.രണ്ടു തവണ ധനമന്ത്രിയായിരുന്ന തനിക്ക് ഇന്നത്തെ ഭീകരമായ ഭരണ തകർച്ചയിലും സാമ്പത്തിക ദുരന്തത്തിലും പങ്കില്ലെന്ന് കൈ കഴുകി പ്രതിസ്ഥാനത്തു നിന്നും മാപ്പുസാക്ഷിയാകാനുള്ള വ്യഗ്രതയാണ് ചിന്തയിലെ ലേഖനത്തിൽ പ്രതിഫലിക്കുന്നത്.

കിഫ്ബി മുഖേന കടം വാങ്ങിയ പണവും റവന്യൂ വരുമാനവും പ്രത്യുൽപ്പാദനപരമായ കാര്യങ്ങൾക്ക് വിനിയോഗിക്കാതെ ധൂർത്തടിച്ച് കേരളത്തെ പാപ്പരാക്കിയ ധനമന്ത്രിയാണ് തോമസ് ഐസക്ക് . ഭരണത്തിൽ നിന്നും പാർട്ടിയിൽ നിന്നും ഒറ്റപ്പെട്ട ഐസക്ക് ഇപ്പോൾ സി പി എം -ന്‍റെ  ചരിത്രപരമായ തകർച്ചയിൽ നിന്നും സ്വയം രക്ഷപ്പെടാനുള്ള കപട തന്ത്രമാണ് സ്വീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe