ന്യൂഡൽഹി: ഭർത്താവിന്‍റെ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യ പ്രേരണയോ ആയി കണക്കാക്കില്ലെന്ന് ഡൽഹി ഹൈകോടതി. ഭാര്യയെ ഉപദ്രവിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ലെങ്കിൽ വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യ പ്രേരണയോ ആയി കാണാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. സ്ത്രീധന മരണങ്ങള്‍ക്ക് വിവാഹേതര ബന്ധം കാരണമാണെന്ന് തെളിയിക്കാൻ സാധിക്കാത്തിടത്തോളം ഭര്‍ത്താവിനുമേല്‍ ഇതിന്റെ പേരില്‍ കുറ്റം ചുമത്താന്‍ സാധിക്കില്ലെന്നും ജസ്റ്റിസ് സഞ്ജീവ് നരുല വ്യക്തമാക്കി.
ഭാര്യയുടെ അസ്വാഭാവിക മരണത്തെത്തുടർന്ന്, ഐ.പി.സി സെക്ഷൻ 306 (ആത്മഹത്യ പ്രേരണ), സെക്ഷൻ 498 എ (ക്രൂരത),304-ബി (സ്ത്രീധന മരണം) പ്രകാരമുള്ള കേസിൽ അറസ്റ്റിലായ ഒരാൾക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. കുറ്റാരോപിതന് മറ്റൊരു സ്ത്രീയുമായി വിവാഹേതര ബന്ധമുണ്ടായിരുന്നുവെന്ന് തെളിയിക്കാൻ പ്രോസിക്യൂഷൻ ചില വിഡിയോകളും ചാറ്റ് റെക്കോർഡുകളും സമർപ്പിച്ചു. അത്തരമൊരു ബന്ധം നിലവിലുണ്ടെങ്കിലും, വിവാഹേതര ബന്ധം ക്രൂരതയോ ആത്മഹത്യ പ്രേരണയോ ആകില്ലെന്ന് നിയമം അനുശാസിക്കുന്നു. മരിച്ചയാളെ ഉപദ്രവിക്കാനോ പീഡിപ്പിക്കാനോ ബന്ധം കാരണമാകാത്തതിനാലാണ് ജാമ്യം അനുവദിച്ചത്.
2024 മാർച്ച് മുതൽ ഇയാൾ കസ്റ്റഡിയിലായിരുന്നു. ഇയാളെ തുടർന്നും തടങ്കലിൽ വെക്കുന്നത് കൊണ്ട് യാതൊരു പ്രയോജനവുമില്ലെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണം അവസാനിച്ചതിന് ശേഷം കുറ്റപത്രം സമർപ്പിച്ചതായും വിചാരണ അടുത്തൊന്നും അവസാനിക്കാൻ സാധ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു. 50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലും തുല്യ തുകക്കുള്ള രണ്ട് ആൾജാമ്യത്തിലും കോടതി അദ്ദേഹത്തെ വിട്ടയക്കാൻ നിർദ്ദേശിച്ചു.
ഭർത്താവിന് സഹപ്രവർത്തകനുമായി ബന്ധമുണ്ടെന്നും, അത് ചോദ്യം ചെയ്തപ്പോൾ അയാൾ ശാരീരികമായി പീഡിപ്പിച്ചുവെന്നും യുവതിയുടെ കുടുംബം ആരോപിച്ചു. ഭാര്യയെ നിരന്തരം ഗാർഹിക പീഡനത്തിന് ഇരയാക്കിയിരുന്നതായി അവർ ആരോപിച്ചു. എന്നാൽ സ്ത്രീ ജീവിച്ചിരുന്നപ്പോൾ അത്തരമൊരു പരാതി നൽകിയിട്ടില്ലെന്നും അതിനാൽ പ്രഥമദൃഷ്ട്യാ സ്ത്രീധനവുമായി ബന്ധപ്പെട്ട പീഡന അവകാശവാദത്തിന്റെ സാധുതയും വിശ്വാസ്യതയും ദുർബലമാണെന്നും കോടതി നിരീക്ഷിച്ചു.