ഭാരം കുറയുന്നില്ല? ശരീരത്തിലെ നീർക്കെട്ട് മൂലം ആകാമെന്ന് സംശയിക്കാം, ഈ പച്ചക്കറികൾ ഒഴിവാക്കൂ!

news image
Apr 19, 2025, 10:43 am GMT+0000 payyolionline.in

വൈറ്റമിനുകളും ധാതുക്കളും ആന്റിഓക്സിഡന്റുകളും ധാരാളം അടങ്ങിയ പച്ചക്കറികൾ, ആരോഗ്യകരമായ ഭക്ഷണക്രമത്തിന്റെ അടിസ്ഥാനശിലകളാണ്. എന്നാൽ ചില പച്ചക്കറികൾ ചില ആളുകളിൽ ഇൻഫ്ലമേഷനു കാരണമാകും.

എന്താണ് ഇൻഫ്ലമേഷൻ?
പരിക്കുകളോടോ അണുബാധകളോടോ ഉള്ള ശരീരത്തിന്റെ പ്രതിരോധ തന്ത്രമാണ് ഇൻഫ്ലമേഷൻ അഥവാ വീക്കം. വളരെ കുറച്ചു കാലത്തേക്ക് ഉണ്ടാകുന്നതും സുഖപ്പെടുത്താവുന്നതുമാണ് അക്യൂട്ട് ഇൻഫ്ലമേഷൻ. ദീർഘകാലം നിലനിൽക്കുന്നതും ക്രമേണ സന്ധിവാതം, ഹൃദ്രോഗം, പ്രമേഹം ഇവയ്ക്ക് കാരണമായിത്തീരാവുന്നതുമാണ് ക്രോണിക് ഇൻഫ്ലമേഷൻ. ഈ നീർക്കെട്ട് ഉണ്ടാകുന്നതിൽ ഭക്ഷണത്തിന് ഒരു പ്രധാന പങ്കുണ്ട്. പ്രോസസ് ചെയ്ത പഞ്ചസാര, ട്രാൻസ്ഫാറ്റുകൾ, റിഫൈൻഡ് കാർബ്സ് ഇവയടങ്ങിയ ഭക്ഷണങ്ങൾ ഇൻഫ്ലമേഷനു കാരണമാകും. ചില പ്രത്യേക സംയുക്തങ്ങൾ അടങ്ങിയതിനാൽ പോഷകങ്ങൾ ധാരാളമുണ്ടെങ്കിലും ചില പച്ചക്കറികൾ ചില ആളുകളിൽ ഇൻഫ്ലമേഷനു കാരണമാകും. ഇത്തരത്തിൽ ഇൻഫ്ലമേഷൻ അഥവാ വീക്കം ഉണ്ടാക്കുന്ന പച്ചക്കറികൾ ഏതൊക്കെ എന്നറിയാം

 

∙ തക്കാളി
തക്കാളിയിൽ സൊളാനിൻ, ലെക്റ്റിൻ എന്നിവയുണ്ട്. ഉദരപാളിയെ ഈ ആൽക്കലോയ്ഡുകൾ അസ്വസ്ഥപ്പെടുത്തുമെന്ന് ചില പഠനങ്ങൾ പറയുന്നു. ഇത് റുമറ്റോയ്ഡ് ആർത്രൈറ്റിസ് പോലുള്ള ഓട്ടോ ഇമ്മ്യൂൺ രോഗങ്ങൾ ഉള്ളവരില്‍ സന്ധിവേദന കൂട്ടും.
∙ ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങിൽ, പ്രത്യേകിച്ച് മുള വന്ന പച്ചനിറത്തിലുള്ള ഉരുളക്കിഴങ്ങിൽ സൊളാനിൻ ഉണ്ട്. ഇവ വറുക്കുമ്പോൾ ഉദാഹരണമായി ഫ്രഞ്ച് ഫ്രൈസ് ആക്കുമ്പോൾ ഇവ അക്രിലാമൈഡ് എന്ന സംയുക്തം ഉൽപാദിപ്പിക്കുന്നു. ഇത് ഓക്സീകരണ സമ്മർദത്തിനു കാരണമാകുന്നു. ഗ്ലൈസെമിക് ഇൻഡക്സ് കൂടുതലായതും രക്തത്തിലെ പഞ്ചസാരയുടെ അളവ്കൂടുന്നതും ഇൻഫ്ലമേഷനുള്ള സാധ്യത വർധിപ്പിക്കും. വേവിച്ചോ ബേക്ക് ചെയ്തോ ഉരുളക്കിഴങ്ങ് ഉപയോഗിക്കാം. മുളച്ച ഉരുളക്കിഴങ്ങ് ഒഴിവാക്കുക.

 

∙ വഴുതനങ്ങ
വഴുതനങ്ങയിൽ സൊളാനിന്‍, ഹിസ്റ്റമിൻ ഇവയുണ്ട്. ഇത് ചിലരില്‍ ഇൻഫ്ലമേഷൻ സാധ്യത വർധിപ്പിക്കും. ഹിസ്റ്റമിൻ ഇൻടോളറൻസ് ഉള്ളവരിൽ തലവേദന, ചർമത്തിൽ ചുവന്ന പാടുകൾ ഇവ ഉണ്ടാക്കുന്നു. വഴുതനങ്ങയ്ക്കു പകരം കൂൺ, സുക്കിനി തുടങ്ങിയവ ഉപയോഗിക്കാം.
∙ മുളക്
മുളക്, കാപ്സിക്കം ഇവയിൽ കാപ് സെയ്സിൻ ഉണ്ട്. ഇത് ചിലരിൽ ദഹനപ്രശ്നങ്ങൾക്ക് കാരണമാകും. നൈറ്റ് ഷേഡഡ് ആൽക്കലോയ്ഡുകൾ ചിലരിൽ സന്ധിവാതത്തിന്റെ ലക്ഷണങ്ങൾ അധികരിക്കാൻ കാരണമാകും.
∙ സവാള
സവാളയിൽ ധാരാളം ഫെർമെന്റബിൾ കാർബ്സ് ഉണ്ട്. ഇവ ബ്ലോട്ടിങ്ങിനും ഉദരത്തിലെ ഇൻഫ്ലമേഷനും കാരണമാകും. സവാളയിൽ സൾഫൈറ്റ് ഉണ്ട്. ഇവ ഇറിറ്റബിൾ ബവൽ സിൻഡ്രോം ഉള്ളവരിൽ ഇൻഫ്ലമേഷനു കാരണമാകും.

∙ ദോഷമുള്ള പച്ചക്കറികളെ എങ്ങനെ തിരിച്ചറിയാം?
എലിമിനേഷൻ ഡയറ്റ് – ഇൻഫ്ലമേഷനു കാരണമാകും എന്നു കരുതുന്ന പച്ചക്കറികൾ രണ്ടു മുതൽ നാലാഴ്ച വരെ ഒഴിവാക്കുക. അതിനുശേഷം ഒരു സമയം ഒന്ന് എന്ന രീതിയിൽ വീണ്ടും ഉപയോഗിച്ചു നോക്കുക.
ഫുഡ് ജേണൽ – ഭക്ഷണം കഴിച്ച ശേഷം വയറു കമ്പിക്കൽ (Bloating), സന്ധിവേദന, ക്ഷീണം ഇവ ഉണ്ടോ എന്ന് പരിശോധിക്കുക.
∙പ്രഫഷണൽ സഹായം തേടാം
ന്യൂട്രീഷണൽ ബാലൻസ് പരിശോധിച്ച് ഡയറ്റീഷ്യൻ വേണ്ട നിർദേശങ്ങൾ നൽകും. മധുരക്കിഴങ്ങ്, ഇലക്കറികൾ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. കാരറ്റ്, കുക്കുമ്പർ തുടങ്ങി FODMAP കുറഞ്ഞ പച്ചക്കറികൾ ഉപയോഗിക്കാം. ഉപദ്രവകാരികളായ സംയുക്തങ്ങളുടെ അളവ് കുറയ്ക്കാൻ വറുക്കുന്നതിനു പകരം ആവിയിൽ വേവിക്കുകയോ തിളപ്പിക്കുകയോ ചെയ്യാം. ഈ പച്ചക്കറികളെല്ലാം ധാരാളം പോഷകങ്ങൾ അടങ്ങിയവയാണ്. എങ്കിലും ചിലരിൽ ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഗുരുതരമായ ഇൻഫ്ലമേഷൻ തുടരുകയാണെങ്കിൽ വിദഗ്ധ സഹായം തേടണം. വ്യത്യസ്തതരം പച്ചക്കറികൾ അടങ്ങിയ ഭക്ഷണരീതി ആണ് ആരോഗ്യത്തിനു ഏറ്റവും മികച്ചത്. ഭക്ഷണത്തിൽ വ്യത്യാസം വരുത്തുന്നതിനു മുൻപ് എല്ലായ്പ്പോഴും ഒരു ആരോഗ്യവിദഗ്ധന്റെയോ പോഷകാഹാരവിദഗ്ധന്റെയോ സേവനം തേടാൻ മറക്കരുത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe