ഭുവനേശ്വർ: ഒഡിഷ ഭുവനേശ്വറിലെ ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുലിയെ കണ്ടതായി സ്ത്രീ. ഇതേത്തുടർന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും പൊലീസിന്‍റെയും നേതൃത്വത്തിൽ വിമാനത്താവളത്തിൽ തിരച്ചിൽ നടത്തി.
വിമാനത്താവളത്തിലെ മാലിന്യ സംഭരണ മേഖലയിലാണ് പുലിയെ കണ്ടതായി പറയപ്പെട്ടത്. ഇവിടുത്തെ ജീവനക്കാരിയായ സ്ത്രീയാണ് ഇക്കാര്യം അധികൃതരെ അറിയിച്ചത്. തുടർന്ന് വലയും കെണിയും മറ്റ് ഉപകരണങ്ങളും എത്തിച്ച് തിരച്ചിൽ നടത്തുകയായിരുന്നു. എന്നാൽ, പുലിയെ കണ്ടെത്താനായില്ല.
കുറുക്കന്‍റെ കാൽപ്പാടുകൾ മാത്രമാണ് മേഖലയിൽ കണ്ടെത്താനായതെന്ന് ഫോറസ്റ്റ് അധികൃതർ പറഞ്ഞു. വിമാനത്താവള പരിസരത്ത് കൂടുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും പുലി ഉണ്ടെങ്കിൽ കെണിയിൽ കുടുങ്ങുമെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥൻ പറഞ്ഞു.
2019ൽ ഭുവനേശ്വർ വിമാനത്താവള പരിസരത്ത് പുലിയെ കണ്ടിരുന്നു. അന്ന് പുലിയെ പിടികൂടി വനത്തിൽ തുറന്നുവിടുകയായിരുന്നു.