തിരുവനന്തപുരം: വയനാട്ടിലും കോഴിക്കോടും പാലക്കാടും മലപ്പുറത്തും ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനമുണ്ടായത് ഭൂകമ്പമല്ലെന്നും എന്നാൽ മറ്റ് കാരണങ്ങൾ കണ്ടെത്താൻ വ്യക്തമായ പരിശോധ വേണമെന്നും ഭൗമശാസ്ത്രജ്ഞർ. ഭയാനകമായ ശബ്ദവും കുലുക്കവും കേട്ടുവെന്നാണ് പരിസരവാസികൾ പറയുന്നതെങ്കിലും ഭൂമിയുടെ ഉപതരിതലത്തിൽ അതിന്റെ നാശനഷ്ടവും തീവ്രതയും കണ്ടെത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ നാല് ജില്ലകളിലും അനുഭവപ്പെട്ടത് ഭൂകമ്പമാണെന്ന് പറയാൻ കഴിയില്ലെന്ന് കേരള സർവകലാശാല ജിയോളജി വിഭാഗം അസി. പ്രൊഫസർ ഡോ.കെ.എസ്.സജിൻകുമാർ പറഞ്ഞു. സോയിൽ പൈപ്പിങ്ങാകാം ശബ്ദത്തിന് കാരണം. കൂടുതൽ പരിശോധനകളിലൂടെ മാത്രമേ ഈ പ്രതിഭാസം സ്ഥിതീകരിക്കാനാകൂവെന്നും സജിൻകുമാർ അറിയിച്ചു.
ഭൂമിക്കടിയിൽ മണ്ണൊലിപ്പുണ്ടാകുന്ന പ്രതിഭാസമാണ് സോയിൽ പൈപ്പിങ് അഥവാ ‘കുഴലീകൃത മണ്ണൊലിപ്പ്’. ഉറപ്പ് കുറഞ്ഞ മണ്ണുള്ളിടത്ത് ശക്തമായി പെയ്ത് ഭൂമിക്കടിയിലേക്കിറങ്ങുന്ന വെള്ളം, നദിയൊഴുകുന്നത് പോലെ നിരവധി കൈവഴികളായി രൂപപ്പെടുന്നു. അതിലൂടെ ദൃഢത കുറഞ്ഞ കളിമണ്ണും ദ്രവിച്ച പാറക്കഷണങ്ങളും ഒഴുകി മലയുടെ അടിവാരത്തേക്ക് ടണലിലൂടെ എന്ന പോലെ നിക്ഷേപിക്കപ്പെടുന്നു.
ഇതോടെ ഭൗമാന്തര്‍ഭാഗത്ത് തുരങ്കങ്ങള്‍ രൂപപ്പെടുകയും ഇതിലൂടെ ഒരു പ്രദേശം മുഴുവന്‍ ദുര്‍ബലമാവുകയും മലയിടിച്ചിലിന് കാരണമാവുകയും ചെയ്യും. സോയിൽ പൈപ്പിങ് കാസർകോട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ തീവ്രമാണെന്ന് തിരുവനന്തപുരം ദേശീയ ഭൗമശാസ്ത്ര കേന്ദ്രം മുൻശാസ്ത്രജ്ഞൻ ജി. ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്.
വയനാട്, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലും സോയിൽ പൈപ്പിങ് വ്യാപകമാണ്. കാസർകോട് 29, കണ്ണൂർ 17, മലപ്പുറം 24, വയനാട് 26 എന്നിങ്ങനെയാണ് സോയിൽ പൈപ്പുകൾ കണ്ടെത്തിയത്. മിക്കതും മനുഷ്യന് ഇറങ്ങാവുന്ന വലുപ്പമുള്ള തുരങ്കത്തിനു സമാനമായവയാണെന്നും പഠനത്തിൽ പറയുന്നു.
ജില്ലകളിലുണ്ടായത് ഭൂകമ്പമല്ലെന്നും, പേടിക്കേണ്ട സാഹചര്യമില്ലെന്നും ദേശീയ ഭൂകമ്പ പഠനകേന്ദ്രം ഡയറക്ടർ ഒ.പി. മിശ്ര അറിയിച്ചു. ഉരുൾപൊട്ടൽ ഉണ്ടാവുന്ന മേഖലകളിൽ സാധാരണയായി പാറകളുടെ സ്ഥാനത്തിന് മാറ്റം സംഭവിക്കും. ഈ പാറകൾ സ്ഥിരതയാർജിക്കുന്നതിന് വേണ്ടി സ്ഥാനമാറ്റം ഉണ്ടാകുന്നു. ഈ ശബ്ദമാണ് പ്രകമ്പനം പോലെ തോന്നുന്നത്. ഉരുൾപൊട്ടലിന് ശേഷം ഇങ്ങനെ സംഭവിക്കാറുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം പ്രകമ്പനത്തെക്കുറിച്ച് പരിശോധിച്ച് വരുന്നതെയുള്ളൂവെന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ കേരള ഘടകം ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ.വി. അമ്പിളി പറഞ്ഞു.