‘ഭൂമിയില്‍ മാത്രമല്ല, ഇതാ ഇവിടെയുമുണ്ട്’; നിർണായക കണ്ടെത്തലുമായി നാസ

news image
Jan 27, 2024, 9:32 am GMT+0000 payyolionline.in

ന്യൂയോര്‍ക്ക്: അന്തരീക്ഷത്തില്‍ ജലസാന്നിധ്യമുള്ള ഗ്രഹം കണ്ടെത്തിയതായി നാസ. നാസയുടെ ഹബിൾ ബഹിരാകാശ ദൂരദർശിനി ഉപയോഗിച്ച് ജ്യോതിശാസ്ത്രജ്ഞർ നടത്തിയ പരീക്ഷണത്തിലാണ് എക്സോപ്ലാനറ്റായ ജിജെ 9827 ഡിയുടെ അന്തരീക്ഷത്തിൽ ജലബാഷ്പമുണ്ടെന്ന് നിരീക്ഷിച്ചത്. ഭൂമിയുടെ ഇരട്ടി വ്യാസമുള്ള ഈ ഗ്രഹം നമ്മുടെ താരാപഥത്തില്‍ ജലസമൃദ്ധമായ അന്തരീക്ഷമുള്ള ഗ്രഹങ്ങളുണ്ടാകാമെന്ന സാധ്യതയെ ബലപ്പെടുത്തുന്നതാണെന്ന് നാസ പറഞ്ഞു. അതേസമയം, അന്തരീക്ഷത്തില്‍ ജലബാഷ്പമുണ്ടെങ്കിലും ഗ്രഹോപരിതലത്തില്‍ ജലസാന്നിധ്യമുണ്ടോയെന്ന് ഇനിയും വ്യക്തമല്ല.

 

ഹൈഡ്രജൻ സമ്പന്നമായ അന്തരീക്ഷത്തിൽ ഹബിൾ ചെറിയ അളവിലുള്ള ജലബാഷ്പം കണ്ടെത്തിയിരിക്കാം. അതുമല്ലെങ്കില്‍ ഗ്രഹത്തിന് പ്രാഥമികമായി ജലത്തെ അടിസ്ഥാനമാക്കിയുള്ള അന്തരീക്ഷം ഉണ്ടായിരിക്കാമെന്നും അല്ലെങ്കില്‍ ഹൈഡ്രജൻ/ഹീലിയം അന്തരീക്ഷം നക്ഷത്രത്തിൽനിന്നുള്ള റേഡിയേഷൻ വഴി ബാഷ്പീകരിക്കപ്പെട്ടതിന് ശേഷമുള്ള അവശിഷ്ടമായിരിക്കാമെന്നും ശാസ്ത്രലോകം കരുതുന്നു.

 

2017-ൽ നാസയുടെ കെപ്ലർ ബഹിരാകാശ ദൂരദർശിനി കണ്ടെത്തിയ ചുവന്ന കുള്ളൻ നക്ഷത്രമായ GJ 9827-നെയാണ് GJ 9827d ചുറ്റുന്നത്. 6.2 ദിവസം കൂടുമ്പോഴാണ് ഭ്രമണപഥം പൂർത്തിയാക്കുന്നത്. ഭൂമിയിൽ നിന്ന് 97 പ്രകാശവർഷം അകലെയാണ് ഈ ​ഗ്രഹം. ബാൾട്ടിമോറിലെ സ്‌പേസ് ടെലിസ്‌കോപ്പ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള റേ വില്ലാർഡ്, യൂണിവേഴ്‌സിറ്റി ഡി മോൺട്രിയലിലെ എക്‌സോപ്ലാനറ്റുകളെക്കുറിച്ചുള്ള ട്രോട്ടിയർ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ചിൽ നിന്നുള്ള പിയറി-അലക്‌സിസ് റോയ്, ബിയോൺ ബെന്നെക്കെ എന്നിവരാണ് കണ്ടെത്തലിന് പിന്നിൽ.

 

ഇതുവരെ, ഇത്രയും ചെറിയ ഗ്രഹത്തിൻ്റെ അന്തരീക്ഷം നേരിട്ട് കണ്ടെത്താൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നില്ലെന്നും  പതുക്കെ ഈ മേഖലയിലേക്ക് പ്രവേശിക്കുകയാണെന്നും നിരീക്ഷണത്തിന് നേതൃത്വം നൽകിയ ബിയോൺ ബെന്നക്ക് പറഞ്ഞു. കാർബൺ ഡൈ ഓക്സൈഡ് നിറഞ്ഞ അന്തരീക്ഷമുള്ള ശുക്രനുമായാണ് അദ്ദേഹം ഈ ​ഗ്രഹത്തെ താരതമ്യപ്പെടുത്തിയത്. ഉപരിതല താപനില ശുക്രനോളം ഉയർന്ന്, ഏകദേശം 800 ഡിഗ്രി ഫാരൻഹീറ്റിലെത്തുമ്പോഴും GJ 9827d അന്തരീക്ഷത്തിൽ പ്രാഥമികമായി ജലബാഷ്പം അടങ്ങിയതാണെങ്കിൽ അത് ആവി നിറഞ്ഞതും വാസയോഗ്യമല്ലാത്തതുമായ ഒരു ലോകമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഗ്രഹത്തിൻ്റെ അന്തരീക്ഷ ഘടനയുമായി ബന്ധപ്പെട്ട് രണ്ട് സാധ്യതകളാണ് ശാസ്ത്ര സംഘം നിലവിൽ പരിഗണിക്കുന്നത്. ജലത്തിൻ്റെ അംശങ്ങളുള്ള ഹൈഡ്രജൻ സമ്പുഷ്ടമായ അന്തരീക്ഷം നിലനിർത്തുകയും അതിനെ ഒരു ചെറുനെപ്ട്യൂൺ ആയി പരി​ഗണിക്കുന്നു. മറ്റൊന്ന് ഭൂഗർഭ സമുദ്രത്തിന് പേരുകേട്ട വ്യാഴത്തിൻ്റെ ഉപഗ്രഹമായ യൂറോപ്പയുടെ ചൂടുള്ള പതിപ്പിന് സമാനമായിരിക്കുമെന്നും കണക്കുകൂട്ടുന്നു. GJ 9827d ഗ്രഹം പകുതി വെള്ളവും പകുതി പാറയുമാകാം. ചെറിയ പാറക്കെട്ടുകൾക്ക് മുകളിൽ ധാരാളം ജലബാഷ്പമുണ്ടാകാമെന്നും എന്ന് ബെന്നെക്ക് പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe