ഭൂമിയുടെ അവിസ്മരണീയ ചിത്രം പകർത്തിയ ബഹിരാകാശയാത്രികൻ വിമാനാപകടത്തിൽ മരിച്ചു

news image
Jun 8, 2024, 2:30 pm GMT+0000 payyolionline.in

വാഷിങ്ടൺ: ബഹിരാകാശത്തു നിന്ന് എടുത്ത ഭൂമിയുടെ ഏറ്റവും വിഖ്യാത ചിത്രങ്ങളിലൊന്ന് പകർത്തിയ അപ്പോളോ 8 ബഹിരാകാശയാത്രികൻ ബിൽ ആൻഡേഴ്‌സ് 90 ാം വയസ്സിൽ വിമാനാപകടത്തിൽ മരിച്ചു. അദ്ദേഹം സഞ്ചരിക്കുകയായിരുന്ന ചെറുവിമാനം വാഷിങ്ടണിനു സമീപം കടലിൽ തകർന്നു വീണതായി ഉദ്യോഗസ്ഥർ അറിയിച്ചു.

വെള്ളിയാഴ്ച ഉച്ചയോടെ പിതാവിന്റെ മൃതദേഹം കണ്ടെടുത്തതായി ആൻഡേഴ്സിന്റെ മകൻ ഗ്രെഗ് സ്ഥിരീകരിച്ചു. കുടുംബം തകർന്നിരിക്കുന്നുവെന്നും അദ്ദേഹം ഒരു മികച്ച പൈലറ്റായിരുന്നുവെന്നും ഗ്രെഗ് പറഞ്ഞു.

55 വർഷം മുമ്പ് നടന്ന അപ്പോളോ 8 ദൗത്യത്തിലെ ചാന്ദ്ര മൊഡ്യൂൾ പൈലറ്റായിരുന്ന ആൻഡേഴ്‌സ് ബഹിരാകാശത്തുവെച്ച് ഭൂമിയുടെ അവിസ്മരണീയവും പ്രചോദനാത്മകവുമായ ചിത്രങ്ങളിലൊന്നായ ‘എർത്ത്‌റൈസ്’ ഫോട്ടോ എടുത്തു. തരിശായ ചന്ദ്രോപരിതലത്തിൽ നിന്ന് ചക്രവാളത്തിന് മുകളിൽ ഉയരുന്ന ഭൂമിയുടെ ചിത്രമായിരുന്നു അത്. ബഹിരാകാശ പദ്ധതിയിലെ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവനയായി ആൻഡേഴ്സ് പിന്നീട് ഇതിനെ വിശേഷിപ്പിച്ചു.

ആഗോള പരിസ്ഥിതി പ്രസ്ഥാനങ്ങളെ പ്രചോദിപ്പിച്ചതിലും ഗ്രഹത്തെ പരിപാലിക്കുന്നതിനെക്കുറിച്ചുള്ള അവബോധത്തിനുള്ള ഭൗമദിനാചരണത്തിന് തുടക്കം കുറിക്കുന്നതിലേക്കും നയിച്ച ചിത്രം പരക്കെ അംഗീകരിക്കപ്പെട്ടു. ആ നിമിഷത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ആൻഡേഴ്സ് പറഞ്ഞത് ‘ചന്ദ്രനെ പര്യവേക്ഷണം ചെയ്യാനാണ് ഞങ്ങൾ ഇത്രയും വഴി വന്നത്. ഞങ്ങൾ കണ്ടെത്തിയ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഭൂമിയാണ്’ എന്നായിരുന്നു.

ടി-34 എന്ന ബീച്ച്‌ക്രാഫ്റ്റാണ് അപകടസമയത്ത് ആൻഡേഴ്‌സ് പറത്തിയതെന്ന് യു.എസ് നാഷനൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് പുറത്തുവിട്ടു. ജോൺസ് ദ്വീപിന്റെ തീരത്തു നിന്ന് 80 അടി അകലെയാണ് വിമാനം തകർന്നതെന്നും ഏജൻസി അറിയിച്ചു. വിമാനം തകരുന്നത് കണ്ടതായി ഫിലിപ്പ് എന്നയാൾ പറഞ്ഞു. കൺമുന്നിൽ കണ്ടത് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അത് ഒരു സിനിമയിൽ നിന്നോ സ്പെഷ്യൽ ഇഫക്റ്റുകളിൽ നിന്നോ ഉള്ള രംഗം പോലെ തോന്നി. വലിയ സ്ഫോടനവും തീജ്വാലകളും എല്ലാം കൂടിച്ചേർന്നായിരുന്നു അതെന്നും ഫിലിപ്പ് പ്രാദേശിക വാർത്താ ഏജൻസിയോട് വിവിരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe