കോഴിക്കോട്: കലക്ടറേറ്റിൽ വിജിലൻസ് പരിശോധന. റവന്യൂ റിക്കവറി ഡെപ്യൂട്ടി കലക്ടർ കെ. ഹിമയുടെ ഓഫിസിലാണ് പരിശോധന. ഭൂമി തരംമാറ്റലുമായി ബന്ധപ്പെട്ട പരാതിയിലാണ് നടപടി. ഭൂമി തരംമാറ്റലിനു അപേക്ഷ നൽകി മാസങ്ങൾ പിന്നിട്ടിട്ടും നടപടിയില്ലാത്ത സാഹചര്യത്തിൽ മുക്കം സ്വദേശി വിജിലൻസ് റേഞ്ച് ഓഫിസിൽ നൽകിയ പരാതിയിലാണ് വെള്ളിയാഴ്ച രാവിലെ വിജിലൻസ് ഇൻസ്പെക്ടർ കെ. ഗണേഷിന്റെ നേതൃത്വത്തിൽ നാലംഗ സംഘം ഓഫിസിൽ എത്തിയത്.
പ്രാഥമിക അന്വേഷണത്തിൽ തരംമാറ്റലുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് അപേക്ഷകൾ കെട്ടിക്കിടക്കുന്നതായി കണ്ടെത്തി. തീർപ്പാക്കേണ്ട ഉദ്യോഗസ്ഥ അകാരണമായി നീട്ടിക്കൊണ്ടുപോവുകയും പുനരന്വേഷണമാവശ്യപ്പെട്ട് ഫയലുകൾ വീണ്ടും വില്ലേജുകളിലേക്ക് തിരിച്ചയക്കുന്നതായും ആക്ഷേപം ഉയർന്നിരുന്നു. എന്നാൽ, സ്വാധീനമുള്ളവർക്ക് തരംപോലെ തരംമാറ്റൽ അനുവദിച്ചുകിട്ടുന്നതായും പരാതിക്കാർ സൂചിപ്പിച്ചിരുന്നു.
കാരാട് വില്ലേജിലെ 1.47 സെന്റ് ഭൂമി നേരത്തേ തരം മാറ്റാൻ അപേക്ഷ നൽകിയെങ്കിലും പലതവണ ഓഫിസിൽ കയറി ഇറങ്ങി നടപടികളൊന്നും ഉണ്ടായില്ലെന്നാണ് പരാതി. നാലു മണിക്കൂറാണ് പരിശോധന നടന്നത്. ഡെപ്യൂട്ടി കലക്ടർ ഹിമയിൽനിന്നു വിവരങ്ങൾ ശേഖരിച്ചു. പരാതിക്കാരന്റെ മൊഴിയെടുക്കുമെന്നും സ്ഥലം പരിശോധിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
ഭൂമി തരം മാറ്റൽ സംബന്ധിച്ച് അപേക്ഷകൾ കെട്ടിക്കിടക്കുന്നതായി ആക്ഷേപമുയർന്ന കെ. ഹിമക്ക് ഒരാഴ്ച മുമ്പാണ് കൺഫേർഡ് ഐ.എ.എസ് നൽകിയത്. ജില്ലയിൽ തരം മാറ്റൽ അപേക്ഷ 60000ത്തിലധികം അപേക്ഷകൾ തീർപ്പാകാതെ കിടന്ന സാഹചര്യത്തിൽ ഒമ്പതു മാസം മുമ്പ് വടകര ആർ.ഡി.ഒ, കോഴിക്കോട് സബ് കലക്ടർ, ഡെപ്യൂട്ടി കലക്ടർ (ആർ.ആർ), ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ എന്നിവർക്ക് അപേക്ഷകൾ വിഭജിച്ചുനൽകിയിരുന്നു. ഇതിൽ കോഴിക്കോട് താലൂക്ക് ഒഴികെ മറ്റ് താലൂക്കുകളിലെ 90 ശതമാനവും അപേക്ഷകൾ തീർപ്പാക്കിയിരുന്നു.